ഉമ്മുൽ ഖുവൈൻ: താമസിക്കുന്ന വില്ലയുടെ വളപ്പിൽ കഞ്ചാവുചെടി വളർത്തിയ ഏഷ്യൻ സംഘത്തെ ഉമ്മുൽ ഖുവൈൻ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മയക്കുമരുന്ന് കേസുകൾ കൈകാര്യംചെയ്യുന്ന പൊലീസിന്റെ പ്രത്യേക സേന ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. ആന്റി നാർകോട്ടിക് വിഭാഗം തലവൻ മേജർ ജമാൽ സഈദ് അൽ കെത്ബിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ വസ്തുത പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ താമസസ്ഥലം റെയ്ഡ് ചെയ്തപ്പോഴാണ് കഞ്ചാവുചെടികൾ കണ്ടെത്തിയത്. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മയക്കുമരുന്ന് കടത്തുന്നതും വിൽപന നടത്തുന്നതും ഉപയോഗിക്കുന്നതുംപോലെതന്നെ ക്രിമിനൽ കുറ്റമാണ് കഞ്ചാവുചെടികൾ വളർത്തുന്നതുമെന്ന് ഉമ്മുൽ ഖുവൈൻ പൊലീസ് മേധാവി ശൈഖ് റാഷിദ് ബിൻ അഹമ്മദ് അൽ മുഅല്ല ഓർമിപ്പിച്ചു. റെയ്ഡിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച ഇദ്ദേഹം പൊതുജനങ്ങൾ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനെ പൊലീസിൽ അറിയിക്കാൻ ബാധ്യസ്ഥരാണെന്നും കൂട്ടിച്ചേർത്തു. യു.എ.ഇയിൽ കർശനമായി നിയമ നടപടികൾക്ക് വിധേയമാക്കുന്ന കുറ്റകൃത്യമാണ് മയക്കുമരുന്ന് കടത്ത്. വധശിക്ഷ വരെ ലഭിച്ചേക്കാൻ സാധ്യതയുള്ളതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.