ദുബൈ: ആഗോളതലത്തിൽ തന്നെ ഏറ്റവും സജീവമായ സമ്പദ്വ്യവസ്ഥകളിലൊന്നായ യു.എ.ഇയുടെ കള്ളപ്പണം തടയൽ നടപടികൾക്ക് അംഗീകാരം. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അമേരിക്ക മുതൽ ചൈന വരെയുള്ള രാജ്യങ്ങളിലെ വിവിധ സംവിധാനങ്ങളുടെ കൂട്ടായ്മയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സി(എഫ്.എ.ടി.എഫ്)ന്റെ ‘ഗ്രേ’ ലിസ്റ്റിൽ നിന്ന് യു.എ.ഇ പുറത്തുകടന്നു. അനധികൃത പണമൊഴുക്കിന് സാധ്യതയുള്ള രാജ്യങ്ങളെയാണ് ‘ഗ്രേ’ ലിസ്റ്റിൽ ഉൾപ്പെടുത്താറുള്ളത്.
പട്ടികയിൽ നിന്ന് പുറത്തുകടന്നതോടെ ലോകതലത്തിൽ തന്നെ രാജ്യത്തിന്റെ മികവ് വർധിച്ചിരിക്കുകയാണ്.സാമ്പത്തിക രംഗത്ത് അപകടസാധ്യതയുള്ള രണ്ട് ഡസൻ രാജ്യങ്ങളുടെ പട്ടികയിൽനിന്ന് യു.എ.ഇയെ ഒഴിവാക്കിയത് വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ലോകത്തെ അതിസമ്പന്നരും നിക്ഷേപകരും ബങ്കർമാരും അടക്കമുള്ളവരെ ആകർഷിക്കുന്ന യു.എ.ഇയെ 2022ലാണ് എഫ്.എ.ടി.എഫ് സൂക്ഷ്മ വിശകലനം നടത്തിയത്.
തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയിലെ അപകടസാധ്യതകൾ ഇല്ലാതാക്കാൻ രാജ്യം ശക്തമായ നടപടികൾ സ്വീകരിച്ചുവരുകയായിരുന്നു. ‘ഗ്രേ’ ലിസ്റ്റിൽനിന്ന് പുറത്തുകടന്നത് രാജ്യത്തെ സംബന്ധിച്ച് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.രാജ്യത്ത് നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം പകരാനും കൂടുതൽ ബിസിനസ് ആകർഷിക്കാനും പുതിയ തീരുമാനം ഉപകരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
സാമ്പത്തിക മേഖലയിലെ അന്വേഷണങ്ങളും നിയമനടപടികളും വർധിപ്പിക്കുക, ഈ രംഗത്തെ അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുക, വെർച്വൽ അസറ്റ് റെഗുലേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ വിന്യസിക്കുക എന്നിവയടക്കം വിവിധ നടപടികളാണ് ലിസ്റ്റിൽനിന്ന് പുറത്തുകടക്കാനായി യു.എ.ഇ സ്വീകരിച്ചത്.
എന്നാൽ പട്ടികയിൽ ഉൾപ്പെട്ട സമയത്തും ആഗോള തലത്തിൽ ഏറ്റവും മികച്ച നിക്ഷേപകേന്ദ്രമായി രാജ്യത്തിന് തുടരാൻ സാധിച്ചിരുന്നു. ക്രിപ്റ്റോ കറൻസി, റിയൽ എസ്റ്റേറ്റ് രംഗങ്ങളിലടക്കം ലോകത്തെ ഏറ്റവും മുൻനിരയിൽ സാന്നിധ്യമറിയിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.