വീട്ടുജോലിക്കാരുടെ ഒളിച്ചോടല്‍: ഇന്ത്യന്‍  എംബസിയില്‍ ഓരോ മാസവും 20 കേസുകള്‍

അബൂദബി: വീട്ടുജോലിക്കാര്‍ ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് പ്രതിമാസം പത്ത് മുതല്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതായി ഇന്ത്യന്‍ എംബസി. കൈകാര്യം ചെയ്യാവുന്നതിലപ്പുറമുള്ള ജോലി നല്‍കുന്നതും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ജോലികള്‍ എടുപ്പിക്കുന്നതും ആവശ്യത്തിന് വിശ്രമം അനുവദിക്കാത്തതിനാലുമാണ് മിക്ക വീട്ടുജോലിക്കാരും ഒളിച്ചോടുന്നതെന്ന് എംബസി അധികൃതര്‍ പറയുന്നു. ഇങ്ങനെ ഓടിപ്പോകുന്ന ഇന്ത്യക്കാരെ കമ്യുണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് ഇന്ത്യന്‍ എംബസി സഹായിക്കുന്നുണ്ടെന്ന് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ പറഞ്ഞു.

ഒളിച്ചോടിയ ജോലിക്കാരനെതിരെ സ്പോണ്‍സര്‍ കേസ് നല്‍കുമ്പോഴാണ് ചില കേസുകളില്‍ എംബസി ഇടപെടുന്നത്. ഒളിച്ചോടിയവരുടെ കൈവശം പാസ്പോര്‍ട്ടില്ളെങ്കില്‍ അടിയന്തര സര്‍ട്ടിഫിക്കറ്റും വിമാനടിക്കറ്റും ലഭ്യമാക്കും. ആവശ്യമെങ്കില്‍ അല്‍പ ദിവസത്തേക്കുളള താമസ സൗകര്യവും ഏര്‍പ്പെടുത്തും. സ്പോണ്‍സര്‍ കേസ് നല്‍കിയവരെ നാടുകടത്തല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് നാട്ടിലത്തെിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍നിന്ന് മോഷണം നടത്തി ഒളിച്ചോടുന്നവരുണ്ടെങ്കിലും ഭൂരിപക്ഷം പേരും ആവശ്യമായ സൗകര്യങ്ങളും ഭക്ഷണവും ശമ്പളവും ലഭിക്കാത്തതിനാലാണ് ജോലി ഉപേക്ഷിച്ച് പോകുന്നതെന്ന് അഭിഭാഷകരും പറയുന്നു. ഈ വര്‍ഷം മേയ് വരെ 9,751 വീട്ടുജോലിക്കാരെയാണ് കാണാതായതെന്ന് കഴിഞ്ഞ മാസം ദുബൈ പൊലീസ് വെളിപ്പെടുത്തിയിരുന്നു.

വീട്ടുജോലിക്കാര്‍ക്ക് ഭക്ഷണവും മറ്റും ഉറപ്പുവരുത്താതെ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക്  അവധിക്ക് പോകുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സോപ്പും എണ്ണയും തുടങ്ങി അത്യാവശ്യ സാധനങ്ങളും ഇന്‍റര്‍നെറ്റും ലഭ്യമാക്കുമെന്ന് തൊഴില്‍കരാറില്‍ ഉണ്ടെങ്കിലും ഇത് പാലിക്കാന്‍ വീട്ടുടമകള്‍ തയാറാവുന്നില്ളെന്ന് ജോലിക്കാര്‍ പറയുന്നു. ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് പണം ഈടാക്കുന്നതായും ചിലര്‍ പരാതിപ്പെടുന്നു. 

ജോലിക്കായി വീട്ടിലത്തെുന്നതോടെ വീട്ടുജോലിക്കാരുടെ ഫോണുകള്‍ വീട്ടുടമകള്‍ വാങ്ങി സൂക്ഷിക്കുന്നതായും അതിനാല്‍ സ്വന്തം വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ ആശയവിനിമയം നടത്താന്‍ കഴിയുന്നില്ളെന്നും പരാതിയുണ്ട്. തിരിച്ച് നാട്ടിലേക്ക് പോകുമ്പോള്‍ മാത്രമാണ് ഫോണുകള്‍ നല്‍കുന്നത്. നിയമപരമായല്ലാതെ നിയമിക്കപ്പെടുന്ന വീട്ടുജോലിക്കാര്‍ക്ക് പൊലീസിനെ സമീപിക്കാനാവില്ളെന്നത് മുതലെടുത്ത് അവരെ കൂടുതല്‍ പ്രയാസപ്പെടുത്തുന്ന വീട്ടുടമകളുണ്ടെന്നും അഭിഭാഷകര്‍ പറയുന്നു.

Tags:    
News Summary - uae indian embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.