മേഖലയിൽ സംഘർഷം കനക്കുന്നതിൽ ആശങ്ക അറിയിച്ച് യു.എ.ഇ

അബൂദബി: കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന സംഭവവികാസങ്ങളിൽ യു.എ.ഇ കടുത്ത ആശങ്ക രേഖപ്പെടുത്തി. അക്രമങ്ങൾ അടിയന്തിരമായി നിർത്തലാക്കണമെന്നും മേഖലയെ കൂടുതൽ അസ്ഥിരതയിലേക്ക് തള്ളിവിടുന്ന തരത്തിൽ സംഘർഷങ്ങൾ വർധിപ്പിക്കുന്നത് ഒഴിവാക്കണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അപകടകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും മേഖല പുതിയ അക്രമങ്ങളിലേക്ക് നീങ്ങാതിരിക്കാനും എല്ലാവരും പരമാവധി സംയമനം പാലിക്കണമെന്നും യു.എ.ഇ ആഹ്വാനം ചെയ്തു.

ശത്രുതാ നീക്കങ്ങൾ ഉടനടി അവസാനിപ്പിച്ച് എത്രയും വേഗം ചർച്ചകളിലേക്ക് മടങ്ങണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും രാജ്യം ചൂണ്ടിക്കാട്ടി.

സ്‌കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, കുടിവെള്ള പ്ലാന്റുകൾ, ഊർജ നിലയങ്ങൾ, ഗതാഗത സംവിധാനങ്ങൾ, ജനവാസ മേഖലകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് യു.എ.ഇ വ്യക്തമാക്കി. ഇത്തരം നടപടികൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്നും യു.എ.ഇ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

Tags:    
News Summary - UAE expresses concern over escalating tensions in the region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.