അബൂദബി: ഐക്യ അറബ് എമിറേറ്റ്സിന്റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധത അടയാളപ്പെടുത്തി യു.എ.ഇയിലുടനീളം പതാകദിനം ആചരിച്ചു. പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ, വിവിധ കൂട്ടായ്മകൾ തുടങ്ങിയവ തിങ്കളാഴ്ച രാവിലെ കൃത്യം 11ന് പതാക ഉയർത്തി.
മുഴുവൻ സ്ഥാപനങ്ങളോടും ജനങ്ങളോടും പതാക ഉയർത്താൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ആഹ്വാനം ചെയ്തിരുന്നു.
ദുബൈ: യുനൈറ്റഡ് അറബ് എമിറേറ്റിന്റെ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായാണ് പതാക ഉയർത്തുന്നതെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ദേശീയ പതാകദിനത്തിൽ അബൂദബി ഖസർ അൽ ഹുസ്ൻ കൊട്ടാരത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വിരമിച്ച ഉദ്യോഗസ്ഥർ ആദരവ് ഏറ്റുവാങ്ങി.
ഖസർ അൽ ഹുസ്ൻ കൊട്ടാരത്തിൽ പതാക ഉയർത്തുന്ന യു.എ.ഇ പ്രസിഡന്റ് ശൈഖ്
മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
യു.എ.ഇയുടെ നേട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിലും പുരോഗതിയെ പിന്തുണക്കുന്നതിലും പതിറ്റാണ്ടുകളായി അവർ നൽകിയ സേവനത്തിനുള്ള രാജ്യത്തിന്റെ അംഗീകാരമാണ് വിരമിച്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ദേശീയ പതാക ഉയർന്ന് പറക്കുന്നതിനായി സമർപ്പണത്തോടേയും കൂട്ടായ ഉത്തരവാദിത്തത്തോടെയും സേവനം ചെയ്യുന്നത് തുടരുന്ന രാജ്യത്തെ ജനങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു. ഖസർ അൽ ബത്തീനിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താനും വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരമൊരുക്കിയിരുന്നു.
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് ദുബൈ (ജി.ഡി.ആർ.എഫ്.എ) യു.എ.ഇ പതാക ദിനാചരണം സംഘടിപ്പിച്ചു.അൽ ജാഫിലിയയിലെ ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അസി. ഡയറക്ടർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി. തുടർന്ന്, ജീവനക്കാർ ദേശീയ ഗാനം ആലപിച്ചു.
ജി.ഡി.ആർ.എഫ്.എ ദുബൈ ആസ്ഥാനത്ത് നടന്ന യു.എ.ഇ പതാകദിനാചരണത്തിൽനിന്ന്
പതാക ദിനം ദേശീയ അഭിമാനം പ്രകടിപ്പിക്കാനും രാജ്യത്തോടും അതിന്റെ നേതൃത്വത്തോടുമുള്ള പ്രതിബദ്ധത പുതുക്കാനുമുള്ള അവസരമാണെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു. യു.എ.ഇയുടെ പേര് എല്ലാ മേഖലകളിലും ഉയർത്തിപ്പിടിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്ന ദിനമാണിത്. സ്ഥാപക പിതാക്കന്മാർ പകർന്നു നൽകിയ യൂനിയന്റെ ആത്മാവിനെ നമ്മുടെ വിവേകമതിയായ നേതൃത്വം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ യു.എ.ഇ പതാക ദിനം ആചരിച്ചു. അസോസിയേഷൻ ആസ്ഥാനത്ത് വൈസ് പ്രസി. പ്രദീപ് നെന്മാറ പതാക ഉയർത്തി. പതാക ദിന സന്ദേശവും പ്രതിജ്ഞയും പ്രദീപ് നെന്മാറ, ജന. സെക്ര. ശ്രീപ്രകാശ് എന്നിവർ വായിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആസ്ഥാനത്ത് വൈസ് പ്രസി. പ്രദീപ് നെന്മാറ യു.എ.ഇ പതാക ഉയര്‍ത്തുന്നു
ജോ. ട്രഷ. പി.കെ. റെജി നന്ദി പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ്, പ്രഭാകരന് പയ്യന്നൂര്‍, അനീസ് റഹ്മാന്, യൂസഫ് സഗീര്‍, നസീര്‍ കുനിയില്‍ എന്നിവരും ടി.കെ അബ്ദുൾ ഹമീദ്, മുജീബ് റഹ്മാൻ, അബ്ദുറഹ്മാൻ മാസ്റ്റർ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദുബൈ: ദേശീയ പതാകദിനത്തിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റ(ഡി.ഐ.എഫ്.സി)റിന്റെ ഗേറ്റിന് മുന്നിൽ പതാക ഉയർത്തി. എമിറേറ്റിലുടനീളമുള്ള സ്കൂളുകളിൽനിന്നുള്ള 150 വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
ഡി.ഐ.എഫ്.സിക്ക് മുന്നിൽ വിദ്യാർഥികൾക്കൊപ്പം പതാക ഉയർത്തുന്ന ശൈഖ് മുഹമ്മദ്
രാഷ്ട്ര ശിൽപികളായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനും ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമും അൽ ഖവാനീജിലെ ശൈഖ് സായിദിന്റെ ഫാമിൽ നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയെ ചിത്രീകരിക്കുന്ന 15 നില കലാസൃഷ്ടികളും ഡി.ഐ.എഫ്.സിക്ക് മുന്നിൽ സ്ഥാപിച്ചിരുന്നു. ദേശീയപതാക എപ്പോഴും അഭിമാനത്തെയും അന്തസ്സിനെയും പുരോഗതിയെയും പ്രതിനിധാനംചെയ്യുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിന് കീഴിൽ, സുപ്രീം കൗൺസിൽ അംഗങ്ങളും വിവിധ എമിറേറ്റിലെ ഭരണാധികാരികളുമായവരുടെ പിന്തുണയോടെ രാഷ്ട്രപിതാവിന്റെ പാത പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
റാസല്‍ഖൈമ: പതാക ദിനാചരണം പ്രൗഢമാക്കി റാസല്‍ഖൈമ. യു.എ.ഇയുടെ അഖണ്ഡതയും അഭിമാനവും അടയാളപ്പെടുത്തിയ പതാകദിനാചരണത്തില്‍ തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെ വിദേശികളും പങ്കാളികളായി.
റാക് പൊലീസ് ജനറല്‍ കമാന്‍ഡ് സ്ക്വയറില്‍ റാക് പൊലീസ്
ഉപ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹ്മദ്
അൽ തായ്ർ ദേശീയപതാക ഉയര്‍ത്തുന്നു
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും താമസ സ്ഥലങ്ങളിലും രാവിലെ 11ന് യു.എ.ഇയുടെ ചതുര്വര്ണപതാക ഉയര്‍ന്നു. റാക് ഇന്ത്യന്‍, ഇന്ത്യന്‍ പബ്ലിക്, ന്യൂ ഇന്ത്യന്‍, സ്കോളേഴ്സ്, ഐഡിയല്‍, ആല്‍ഫ, ഡല്‍ഹി, സെന്റ് മേരീസ് തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകള്‍ ഒരുക്കി. വിദ്യാര്‍ഥികള്‍ യു.എ.ഇ ദേശീയപതാകയോടൊപ്പം പരമ്പരാഗത വേഷങ്ങളില്‍ സ്കൂളുകളിലെത്തി.
റാക് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി രാഷ്ട്ര സ്ഥാപക നേതാക്കളുടെ പരിശ്രമങ്ങളെ അനുസ്മരിച്ചു. പതാക രാജ്യത്തിന്റെ പരമാധികാരത്തിന്റെയും മഹത്ത്വത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. വകുപ്പുമേധാവികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ റാക് പൊലീസ് ജനറല്‍ കമാന്‍ഡ് സ്ക്വയറില്‍ റാക് പൊലീസ് ഉപ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹ്മദ് അല്‍തയ്ര്‍ യു.എ.ഇ പതാക ഉയര്‍ത്തി. റാക് പൊലീസ് ബാന്‍ഡ് ദേശീയ ഗാനം ആലപിച്ചു.
ദുബൈ: ദേശസ്നേഹത്തിന്റെ വിളംബരമായി യു.എ.ഇ ദേശീയ ദിനാഘോഷത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പതാക ദിനമാചരിച്ചു. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി യഹ്യ തളങ്കര ദേശീയ പതാക ഉയർത്തി.
ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി
യഹ്യ തളങ്കര ദേശീയ പതാക ഉയർത്തുന്നു
അഡ്വ. അബ്ദുല്ല ഹസ്സൻ അഹമ്മദ് ബമദ് ഹാഫ്, അഡ്വ. ഹിഷാം ഫൗസി യൂസുഫ് ഹിന്താഷ് എന്നീ അറബ് പ്രമുഖരും പി.കെ. ഇസ്മായിൽ, കെ.പി.എ സലാം, പി.വി. റഈസ്, പി.വി. നാസർ, ഷഫീഖ് സലാഹുദ്ദീൻ, അഹമ്മദ് ബിച്ചി തുടങ്ങിയ സംസ്ഥാന ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു. ഡിസംബർ ഒന്നിന് ദുബൈ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ദേശീയ ദിനാഘോഷ പരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.