ദുബൈ: ഏറ്റവും വേഗത്തിൽ വളരുന്ന ലോകത്തെ വിദൂര തൊഴിൽ ഹബുകളിൽ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ച് യു.എ.ഇ. ‘ഡിജിറ്റൽ നാടോടി’കൾ എന്നു വിളിക്കപ്പെടുന്ന വിദൂര തൊഴിലാളികൾ മാറിവരുന്ന തൊഴിൽ മേഖലയുടെ സൂചകമായാണ് വിലയിരുത്തപ്പെടുന്നത്.‘വിസഗൈഡ് ഡിജിറ്റൽ നോമാഡ് വിസ സൂചിക’ പ്രകാരം 2023ൽ ആഗോളതലത്തിൽ നാലാം സ്ഥാനത്തായിരുന്ന യു.എ.ഇ, ഈ വർഷം ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. മോണ്ടിനെഗ്രോ, ബഹാമസ്, ഹംഗറി തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ് സ്പെയിനിനു ശേഷം യു.എ.ഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ചത്. ഇന്റർനെറ്റ് ഗുണനിലവാരം, നികുതി നയങ്ങൾ, ജീവിതച്ചെലവ്, ആരോഗ്യ സംരക്ഷണം, സമാനതകളില്ലാത്ത സുരക്ഷയും സ്ഥിരതയും എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിലെ മുന്നേറ്റമാണ് യു.എ.ഇക്ക് നേട്ടത്തിന് സഹായകരമായത്. ഡിജിറ്റൽ നാടോടികൾ വ്യത്യസ്ത രാജ്യങ്ങളെ തൊഴിലിടമായി ഉപയോഗിക്കുന്നവരാണ്. റിമോട്ട് വർക്ക് എന്നത് നിലവിൽ പ്രതിവർഷം ഏകദേശം 800 ബില്യൺ യു.എസ് ഡോളർ വിലയുള്ള ആഗോള സാമ്പത്തിക മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള സർക്കാറുകൾ ഈ വിഭാഗം ജീവനക്കാരെ ആകർഷിക്കാൻ നിരവധി നടപടികൾ കൈക്കൊള്ളുന്നുണ്ട്.
കോവിഡ് മഹാമാരിയുടെ സന്ദർഭത്തിൽ വിദൂര തൊഴിൽ സംവിധാനത്തിന് ആഗോള തലത്തിൽതന്നെ വലിയ സ്വീകാര്യത കൈവന്നിരുന്നു. പിന്നീട് ഓരോ വർഷവും ഈ മേഖല കൂടുതൽ കരുത്താർജിച്ചുവരുകയാണ്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് യാത്രക്കും മറ്റുമുള്ള സൗകര്യങ്ങളാണ് യു.എ.ഇയെ പ്രഫഷനലുകളുടെ ആശാകേന്ദ്രമാക്കുന്നത്. 2035 ആകുമ്പോഴേക്കും 100 കോടി ആളുകൾ വരെ ‘ഡിജിറ്റൽ നാടോടി’കളായി ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുമെന്ന് പ്രവചിക്കപ്പെടുന്നുണ്ട്. ഇത് ആഗോള തൊഴിൽ ശക്തിയുടെ ഏകദേശം മൂന്നിലൊന്ന് വരും. 5ജി നെറ്റ്വർക്കുകൾ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഫ്ലെക്സിബ്ൾ, ഹൈബ്രിഡ് വർക്ക് മോഡലുകൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം എന്നിവ കാരണമായി സംഭവിക്കുന്ന ഈ മാറ്റത്തിൽ യു.എ.ഇ അതിവേഗത്തിലാണ് മുന്നേറുന്നതെന്ന് നേട്ടം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.