660 ദിർഹമിന് അഞ്ച് വർഷത്തെ മൾട്ടിപ്പ്ൾ എൻട്രി വിസ യു.എ.ഇ പ്രഖ്യാപിച്ചതോടെ നിരവധി പ്രവാസികളാണ് അപേക്ഷിക്കാൻ ശ്രമിക്കുന്നത്. മൂന്ന് മാസത്തെ വിസക്ക് പോലും 750 ദിർഹമിന് മുകളിൽ നൽകേണ്ട അവസ്ഥയുള്ളപ്പോഴാണ് കുറഞ്ഞ നിരക്കിൽ അഞ്ച് വർഷ വിസ നൽകുന്നത്. വിസ ആദ്യമായി സ്വന്തമാക്കിയ മലയാളികളിൽ ഒരാളും സൗദി പ്രവാസിയുമായ മുഹമ്മദ് ഇബ്രാഹിം വിസ എടുത്തത് എങ്ങിനെയാണെന്ന് വിശദീകരിക്കുന്നു.
കഴിഞ്ഞ മാസം 30നാണ് വിസ എടുക്കാനായി ആദ്യമായി ശ്രമിച്ചത്. smartservices.ica.gov.ae എന്ന് വെബ്സൈറ്റ് വഴി ശ്രമിച്ചെങ്കിലും നടന്നില്ല (ദുബൈ വിസ ആവശ്യമുള്ളവർ www.gdrfad.gov.ae എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്). രണ്ട് ദിവസം തുടർച്ചയായി ശ്രമിച്ചപ്പോഴാണ് സൈറ്റിൽ പ്രവേശിക്കാൻ കഴിഞ്ഞത്. ഇ-തിൽ ഇ -ചാനൽ എന്ന ഓപ്ഷൻ വഴിയാണ് പ്രവേശിച്ചാൽ വിവിധ വിസകൾക്ക് അപേക്ഷിക്കാൻ കഴിയും. ഫൈവ് ഇയർ മൾട്ടിപ്പ്ൾ എൻട്രി വിസ എന്നതും ഇവിടെ കാണാം. ഇതിലാണ് അപേക്ഷിക്കേണ്ടത്. ഇതിന് മുൻപ് നാല് ഡോക്യുമെൻറുകൾ കരുതണം. പാസ്പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ട്, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ്, ഇൻഷുറൻസ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പിയോ പി.ഡി.എഫോ അപ്ലോഡ് ചെയ്യണം.
താമസിക്കുന്ന രാജ്യത്തെ ബാങ്കിലെ ആറ് മാസത്തെ സ്റ്റേറ്റ്മെൻറാണ് സമർപ്പിക്കേണ്ടത്. മൂന്ന് ലക്ഷം രൂപക്ക് സമാനമായ തുക ആറ് മാസത്തിനിടെ അക്കൗണ്ടിൽ ഉണ്ടായിരിക്കണം. ഓൺലൈൻ വഴി ലഭിക്കുന്ന സ്റ്റേറ്റ്മെൻറ് മതി. ബാങ്കിൽ പോയി നേരിട്ട് സീൽ ചെയ്ത് വാങ്ങണമെന്നില്ല. ഇൻറർനാഷനൽ ട്രാവൽ ഇൻഷ്വറൻസിെൻറ കോപ്പിയും വേണം. ഇത് ഇൻഷ്വറൻസ് കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും. ഒമ്പത് മാസം കൂടി കാലാവധിയുള്ള ഇൻഷുറൻസ് സർട്ടിഫിക്കറ്റാണ് ഞാൻ സമർപ്പിച്ചത്. യു.എ.ഇയിലെ പരിചയക്കാരുടെ മേൽവിലാസവും ചോദിക്കുന്നുണ്ട്. യു.എ.ഇയിൽ എത്തിയാൽ താമസിക്കാൻ ഉദ്ദേശിക്കുന്ന ഹോട്ടലിെൻറ വിലാസമാണ് നൽകിയത്.
വിവരങ്ങൾ അപ്ലോഡ് ചെയ്താൽ പണം അടക്കാൻ കഴിയും. ക്രെഡിറ്റ്കാർഡ് ഉപയോഗിച്ച് ഓൺലൈൻ വഴി പണം അടക്കാം. 660 ദിർഹമാണ് അടച്ചത്. സബ്മിറ്റ് ചെയ്യുന്നതോടെ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇത് ഉപയോഗിച്ച് തുടർ ദിവസങ്ങളിൽ നമ്മുടെ വിസ സ്റ്റാറ്റസ് അറിയാൻ കഴിയും. അപ്രൂവ് എന്ന് കാണുന്നുണ്ടെങ്കിൽ അതിനടുത്തുള്ള ഐക്കണിൽ ക്ലിക്ക് ചെയ്ത് വിസ പ്രിൻറ് എടുക്കാം. വിസ ഏതെങ്കിലും കാരണവശാൽ റദ്ദാക്കപ്പെട്ടാൽ 500 ദിർഹം തിരികെ കിട്ടും എന്നാണ് മനസിലാകുന്നത്. ഈ വിസ ഉപയോഗിച്ചുള്ള ആദ്യ യാത്ര 22ന് നടത്തണം എന്ന് കരുതുന്നു. ഇടക്കിടെ യു.എ.ഇയിൽ എത്തുന്ന എന്നെപോലുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് ഈ വിസ. ഒരു വർഷത്തിൽ എത്ര തവണ വരാം എന്നതിനെ കുറിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്. ദുബൈയിൽ വന്ന് മടങ്ങുന്നതോെട ഇക്കാര്യത്തിലും വ്യക്തത ഉണ്ടാകുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.