യൂസുഫ്
അബൂദബിയിലെ മലയാളി കൂട്ടായ്മയുടെ കായിക മേളയാണ് വേദി. 4x100 മീറ്റർ റിലേ മത്സരം നടക്കുന്നു. ആദ്യ ലാപ്പ് ഓടിയത് 18 വയസുകാരൻ ഹിലാൽ. അവെൻറ കൈയിൽ നിന്ന് ബാറ്റൺ സ്വീകരിച്ചത് ഒരു വെളുത്ത താടിക്കാനായിരുന്നു, അവെൻറ ബാപ്പ യൂസുഫ്. 18നേക്കാൾ ചുറുചുറുക്കോടെ കുതിച്ചുപായുന്ന ആ 48കാരനെ നോക്കി കാണികൾ മൂക്കത്ത് വിരൽവെച്ചു. അടുത്ത രണ്ട് ലാപ്പിനുമുള്ള ലീഡ് സമ്മാനിച്ച് ബാറ്റൺ കൈമാറിയ യൂസുഫിക്കയുടെ കരുത്തിൽ മകനും ജേഷ്ടെൻറ മകനും ഉൾപെട്ട 'യുവ' സംഘം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
യൂസുഫിന് ഇപ്പോൾ പ്രായം 52. അന്നത്തേക്കാൾ ചുറുചുറുക്കോടെയാണ് ഈ 'ചെറുപ്പക്കാരൻ' ഫുട്ബാൾ മൈതാനങ്ങളിൽ കുട്ടികൾക്കൊപ്പം പന്തു തട്ടുന്നത്. ദുബൈയിലെയും ഷാർജയിലെയും അജ്മാനിലെയുമെല്ലാം കളിമൈതാനങ്ങളിൽ ഗോളടിച്ചുകൂട്ടുന്ന ഫോർവേഡായി അദ്ദേഹത്തെ കാണാം. ദുബൈ മെട്രോയിലെ എക്സ്കവേറ്ററിലൂടെ നമ്മൾ പോകുേമ്പാൾ തൊട്ടടുത്തുള്ള നടയിലൂടെ നമ്മേക്കാൾ വേഗത്തിൽ യൂസുഫിക്ക ഓടിക്കയറുന്നുണ്ടാവും. യു.എ.ഇയിലും കേരളത്തിലും മറ്റ് വിദേശ രാജ്യങ്ങളിലും നടക്കുന്ന വെറ്ററൻസ് മീറ്റുകളിൽ എതിരില്ലാത്ത പോരാളിയായി മെഡൽ പോഡിയങ്ങളിലും യൂസുഫുണ്ട്. എങ്ങിനെ സിക്സ് പാക്കുണ്ടാക്കാം എന്ന് ടിക് ടോക്കിൽ തിരയുേമ്പാൾ അവിടെയും പ്രചോദനം പകരുന്ന വാക്കുകളുമായി ഈ ചാവക്കാട്ടുകാരനുണ്ടാകും. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ക്ലാസുകളിൽ മോട്ടിവേഷൻ ക്ലാസെടുക്കുന്ന മെൻററുടെ റോളിൽ യൂസുഫ് മടപ്പനെ കണ്ടാലും അത്ഭുതപ്പെടേണ്ട. ഈ യുവത്വത്തിെൻറ രഹസ്യമെന്താണെന്ന് ചോദിച്ചാൽ അദ്ദേഹം ഇങ്ങനെ പറയും 'മനസ്. അതാണ് നമ്മുടെ വയസ് നിർണയിക്കുക. 18 വയസുകാരനായി ചിന്തിക്കുക. അവരെ പോലെയാകാൻ ശ്രമിക്കുക. അതാണ് യുവത്വമാകാനുള്ള ഏറ്റവും മികച്ച ഫോർമുല'. യൂസുഫ് ബായ് ഇത് വെറുതെ പറയുന്നതല്ല. ജീവിതത്തിൽ ചെയ്ത് കാണിക്കുകയാണ്.
'ന്യൂ ജനറേഷൻ നമ്മളെ കണ്ട് പഠിക്കണം. നടക്കുേമ്പാൾ, ഓടുേമ്പാൾ, വസ്ത്രം ധരിക്കുേമ്പാൾ, ഭക്ഷണം കഴിക്കുേമ്പാൾ, കളിക്കുേമ്പാൾ... എല്ലാം നമ്മൾ ഒരു 18കാരനാവണം. ആരോടും എന്ത് വേണമെങ്കിലും ചലഞ്ച് ചെയ്യണം. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കണം. എന്തും നേരിടാമെന്ന ആത്മവിശ്വാസമുണ്ടാകണം. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകാൻ ശ്രമിക്കുക. അപ്പോൾ നമുക്ക് നമ്മളെ തന്നെ കണ്ടെത്താനാകും'- ഇതാണ് യൂസുഫിെൻറ ലൈൻ.
ഒറ്റ േനാട്ടത്തിൽ യൂസുഫിന് 70 വയസെങ്കിലും തോന്നിക്കും. അതിനും അദ്ദേഹത്തിന് മറുപടിയുണ്ട്. 'മനപൂർവമാണ് ഈ നരച്ച താടി ഇങ്ങനെ നീട്ടി വളർത്തുന്നത്. കാഴ്ചയിൽ പ്രായം തോന്നിക്കുന്നത് നല്ലതാണ്. ഈ വയസ്കാലത്തും ഇത്രയൊക്കെ ചെയ്യുന്നു എന്ന് ആർക്കെങ്കിലും തോന്നിയാൽ അവർക്കും പ്രചോദനമാകട്ടെ. അതുകൊണ്ട്, ഈ താടി ഇനിയും നീട്ടാനാണ് തീരുമാനം'.
താനൊരു ബോഡി ബിൽഡറല്ലെന്ന് യൂസുഫ് പറയുന്നു. നമ്മുടെ സാധാരണ ശരീരം എങ്ങിനെ സംരക്ഷിക്കാം എന്നത് മാത്രമാണ് ലക്ഷ്യം. ശരീരം എങ്ങിനെയൊക്ക അനക്കാം എന്നാണ് നോക്കുന്നത്. അതിനാണ് കളിക്കാൻ ഇറങ്ങുന്നത്. പണ്ടും ഇന്നും മരുന്ന് കഴിക്കാറില്ല. പനി വരുന്നത് അപൂർവമാണ്. വന്നാലും മരുന്ന് കഴിക്കാറില്ല. തനിയെ മാറും. അതിനുള്ള പ്രതിരോധ ശേഷി ഈ ജീവിത ശൈലി തനിക്ക് തന്നിട്ടുണ്ടെന്ന് യൂസുഫ് ഉറച്ച് വിശ്വാസിക്കുന്നു.
യു.എ.ഇയിലെ ഫുട്ബാൾ മൈതാനങ്ങളിൽ ഫെയ്മസാണ് യൂസുഫിക്ക. മംസറിലും കോർണിഷ് ബീച്ചിലുമെല്ലാം കളിക്കാനിറങ്ങും. മുൻപ് തൈസി ബ്രദേഴ്സ് എന്നൊരു ടീമിനൊപ്പമായിരുന്നു കളി. ഇപ്പോഴും യുവ ടീമുകൾക്കൊപ്പം കളിക്കാനിറങ്ങുന്നുണ്ടെങ്കിലും ടൂർണമെൻറുകളിൽ വെറ്ററൻസ് ടീമിനൊപ്പമാണ് കൂടതലും ഇറങ്ങുന്നത്. അവരുടെ നെടുംതൂണാണ്. മലേഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, തായ്ലൻഡ് എന്നിവിടങ്ങളിലെല്ലാം ഈ 'ചെറുപ്പക്കാരുടെ' വെറ്ററൻസ് ടീം കളിക്കാൻ പോകും. അവിടെ ഇതേ കാറ്റഗറിയിലുള്ള ടീമുകളുമായി ഏറ്റുമുട്ടും. സംഘടനകൾ നടത്തുന്ന 35 വയസിന് മുകളിലുള്ളവരുെട മത്സരങ്ങളിൽ സ്ഥിരം ചാമ്പ്യനാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന വെറ്ററൻസ് അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ വേണ്ടി മാത്രം നാട്ടിൽ എത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി നേരെ മൈതാനത്തെത്തിയ അദ്ദേഹം 100 മീറ്റർ, ജാവലിൻ, ലോങ് ജമ്പ് എന്നിവയിൽ സ്വർണവും 'കടത്തി'യാണ് അടുത്ത വിമാനത്തിൽ ദുബൈയിലേക്ക് പറന്നത്. ദുബൈ ഫിറ്റ്നസ് ചലഞ്ചിൽ ഞൊടിയിടകൊണ്ട് 52 പുഷ് അപ്പ് എടുത്ത് ശ്രദ്ധേയനായിരുന്നു.
ഗോൾഡ് സൂഖിലെ അത്തർ വ്യാപാരിയായ യൂസുഫ് ഭായിയെ ദുബൈക്കാർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. ചെറിയൊരു പഞ്ഞിയിൽ ഏതെങ്കിലുമൊരു അത്തറിെൻറ സുഗന്ധം നൽകിയാൽ അതിെൻറ ബ്രാൻഡും ചരിത്രവുമെല്ലാം മണത്തറിഞ്ഞ് കണ്ട് പിടിക്കും. അത്തർ മാർക്കറ്റിലെ ബ്രാൻഡ് നെയിമാണ് യൂസുഫ് ഭായ്. മൂന്നര പതിറ്റാണ്ടായി ഗൾഫിലെ സുഗന്ധവാഹകൻ. ഓരോരുത്തരുടെയും സ്വഭാവവും ശരീരവും കണ്ടറിഞ്ഞ് ആവശ്യത്തിനനുസരിച്ചുള്ള ഉൗദും അത്തറും ഉണ്ടാക്കി നൽകും. ഓരോ മണങ്ങളും ഓരോ വ്യക്തിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. മലയാളികളേക്കാളേറെ അറബികളാണ് ഉപഭോക്താക്കൾ. രാജകുടുംബാംഗങ്ങൾ പോലും യൂസുഫിെൻറ അത്തറിെൻറ ഫാൻസാണ്.
ഈ തിരക്കിനിടയിലും കളിക്കളത്തിലിറങ്ങാൻ എങ്ങിനെ സമയം കണ്ടെത്തുന്നു എന്ന് ചോദിച്ചാൽ അദ്ദേഹം പറയും 'നമ്മുടെ വീടുകളിൽ ഉച്ചയായാലും ഒരു പക്ഷെ ചോറും കറിയും റെഡിയായിട്ടുണ്ടാവില്ല. എന്നാൽ, രാവിലെ ജോലിക്ക് പോകേണ്ട ഒരാളുടെ വീട് ശ്രദ്ധിച്ച് നോക്കു. എട്ട് മണിയാകുേമ്പാൾ ചോറും കറിയുമെല്ലാം റെഡി. മനസുണ്ടായാൽ സമയമുണ്ടാകും. കച്ചവടമായാലാും കളിയായാലും, എല്ലാ പ്രവൃത്തികളിലും സുഗന്ധങ്ങളുണ്ടാകട്ടെ' എന്നും യൂസുഫ് ഭായ് ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.