നാല്​ രാജ്യക്കാർക്ക്​ യാത്രവിലക്ക്​

ദുബൈ: നാലു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക്​ കൂടി യു.എ.ഇയിലേക്ക്​ യാത്ര വിലക്കേർപെടുത്തി. കെനിയ, താൻസനിയ, ഇത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികർക്കാണ്​ വിലക്ക്​.

ഇതോടെ വിലക്കേർപെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 11 ആയി. ഡിസംബർ 25ന്​ രാത്രി 7.30 മുതൽ വിലക്ക്​ പ്രാബല്യത്തിൽ വരുമെന്ന്​ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപകമായ പശ്ചാത്തലത്തിലാണ്​ നിയന്ത്രണം ഏർപ്പെടുത്തിയത്​. നേരത്തെ, ദക്ഷിണാഫ്രിക്ക, നമീബിയ, ​ലസൂട്ടു, എസ്വാറ്റീനി, സിംബാബ്​വെ, ​ബോ​ട്​സ്വാന, മൊസാംബീക്​​ എന്നിവിടങ്ങളിലെ വിമാനങ്ങളെ യു.എ.ഇ വിലക്കിയിരുന്നു.

അതേസമയം, നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസക്കാർ തുടങ്ങിയവർക്ക്​ യു.എ.ഇയിലേക്ക്​ വരാം. ഇവർ 48 മണിക്കൂർ മുമ്പെടുത്ത പി.സി.ആർ ഫലവും ആറ്​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പി.സി.ആർ ഫലവും ഹാജരാക്കണം. യു.എ.ഇയിൽ എത്തിയാൽ ക്വാറൻറീനിലും കഴിയണം. യുഗാണ്ട, ഘാന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ വിലക്കില്ലെങ്കിലും പി.സി.ആർ ഫലം നിർബന്ധമാണ്​. യു.എ.ഇ പൗരൻമാർ കോംഗോയിലേക്ക്​ ​യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്​. ചികിത്സ, ഔദ്യോഗിക സർക്കാർ സന്ദർശനം, വിദ്യാഭ്യാസം എന്നിവക്ക്​ മാത്രം കോംഗോയിലേക്ക്​ പോകാം.

Tags:    
News Summary - Travel ban for four nationals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.