അബൂദബി: ഇന്ത്യൻ എംബസി മേയ് രണ്ട് വെള്ളിയാഴ്ച ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ എംബസിയിൽ ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് നാലുവരെ നടക്കുന്ന പരിപാടിയിൽ പ്രവാസികൾക്ക് പരാതികളും ആവലാതികളും അറിയിക്കാം. തൊഴിൽ, കോൺസുലർ, വിദ്യാഭ്യാസം, പ്രവാസി ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിവിധ കമ്യൂണിറ്റി അംഗങ്ങൾക്ക് അധികൃതരുമായി ചർച്ച ചെയ്യാനുള്ള അവസരമാണ് ഓപൺ ഹൗസെന്ന് എംബസി അറിയിച്ചു.
പ്രവാസികൾക്ക് മേൽപറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട ഏത് ചോദ്യങ്ങളും ഉദ്യോഗസ്ഥരോട് ഉന്നയിക്കാൻ അവസരമുണ്ടാകും. അതേസമയം, പാസ്പോർട്ട് പുതുക്കൽ, ഏതെങ്കിലും രേഖകൾ പുറത്തിറക്കൽ, അറ്റസ്റ്റേഷൻ എന്നിവയുമായി ബന്ധപ്പെട്ട കോൺസുലാർ സേവനങ്ങൾ ഓപൺ ഹൗസിൽ ഉണ്ടാവില്ല. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) അബൂദബി കാമ്പസിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്കായി കഴിഞ്ഞ മാസം എംബസി പ്രത്യേക ഓപൺ ഹൗസ് സംഘടിപ്പിച്ചിരുന്നു. രക്ഷിതാക്കളും വിദ്യാർഥികളുമായി 250 പേരാണ് ഓപൺ ഹൗസിൽ പങ്കെടുത്തത്.
കൂടാതെ ഏപ്രിൽ 20ന് മദീനത്ത് സായിദ്, അൽ ദഫ്റ മേഖല എന്നിവിടങ്ങളിലും ഏപ്രിൽ 27ന് അൽ റുവൈസിലും ഓപൺ ഹൗസ് സംഘടിപ്പിച്ചിരുന്നു. അബൂദബിയിലും പുറത്തും താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയവുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് നേരിട്ട് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ ഇതുവഴി അവസരം ലഭിച്ചു. പ്രവാസികളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി എംബസി ഔദ്യോഗിക വാട്സ്ആപ് സാന്നിധ്യവും അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ എംബസിയിലെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ, മുന്നറിയിപ്പുകൾ, പ്രധാനപ്പെട്ട അപ്ഡേറ്റുകൾ എന്നിവ നേരിട്ട് പ്രവാസികൾക്ക് ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.