ദുബൈ: നഗരത്തിലെ പ്രധാന ഡോപ്പിങ് മാളുകളിലൊന്നായ ബുർജുമാൻ മാളിൽ ടിക്കറ്റ് രഹിത പാർക്കിങ് സംവിധാനം വരുന്നു. മാൾ ഓഫ് എമിറേറ്റ്സിലും ദേര സിറ്റി സെന്ററിലും സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെയാണ് ബുർജുമാനിലും സംവിധാനം വരുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ജൂലൈയിൽ ദുബൈ മാളും സംവിധാനം ഏർപ്പെടുത്തിയിരുന്നു.
ബർജുമാൻ വളരെക്കാലമായി പാർക്കിങ്ങിന് പണം ഈടാക്കുന്നുണ്ടെങ്കിലും, പുതിയ സംവിധാനം വരുന്നതോടെ ഫിസിക്കൽ ടിക്കറ്റുകൾ ആവശ്യമില്ലാതാകും. എങ്കിലും പാർക്കിങ് ബാരിയറുകൾ ഇവിടെയുണ്ടാകും. അതേസമയം, ബാരിയറുകൾ യാന്ത്രികമായി ഉയരുന്നതിനാൽ സന്ദർശകർക്ക് നേരിട്ട് പാർക്കിങ് ഏരിയകളിലേക്ക് പോകാനാകും. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കാമറയിൽ പകർത്തുകയും സമയമനുസരിച്ച് പാർക്കിങ് ഫീസ് കണക്കാക്കുകയുമാണ് ചെയ്യുക.
ഇതിനായി പുതിയ സംവിധാനത്തിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ കാമറകളാണ് സ്ഥാപിക്കുക. ടിക്കറ്റില്ലാത്ത പാർക്കിങ് എപ്പോൾ ആരംഭിക്കുമെന്ന് കൃത്യമായ തീയതി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, സ്മാർട്ട് പാർക്കിങ് സംവിധാനത്തിന്റെ പ്രഖ്യാപനം മാളിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ പാർക്കിങ് സംവിധാനത്തിന് പുറമേ, പാർക്കിങ് ഏരിയയിലെ സഞ്ചാരം സുഗമമാക്കുന്നതിനായി ‘ഫൈൻഡ് മൈ കാർ’ സേവനവും മറ്റു നവീകരണങ്ങളും മാൾ നടപ്പിലാക്കും.
അതേസമയം, പാർക്കിങ് നിരക്കുകളിൽ മാറ്റമുണ്ടാകില്ല. സന്ദർശകർക്ക് ആദ്യത്തെ മൂന്ന് മണിക്കൂർ സൗജന്യമായിരിക്കും. ഓരോ അധിക മണിക്കൂറിനും 20 ദിർഹം അടക്കേണ്ടിവരും. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമാണ്. സിനിമ കാണാനെത്തുന്നവർക്ക് മൂന്ന് മണിക്കൂർ അധിക സൗജന്യ പാർക്കിങ്ങും ലഭിക്കും. 1991ൽ തുറന്ന ബർജുമാൻ മാളിന് നിലവിൽ 2,86,417 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. മാളുമായി ബന്ധിപ്പിച്ചിരിക്കുന്ന ദുബൈ മെട്രോ സ്റ്റേഷനാണ് നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.