മ്മടെ തൃശൂർ കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: മ്മടെ തൃശൂർ കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘മ്മടെ തൃശൂർ പൂരം’ നവംബർ 15, 16 തീയതികളിലായി ദുബൈ സഅബീൽ പാർക്കിൽ നടക്കും. കഴിഞ്ഞ വർഷങ്ങളിൽനിന്ന് വിത്യസ്തമായി കൂടുതൽ മാറ്റങ്ങളുമായാണ് ആറാമത് എഡിഷൻ പൂരം അരങ്ങേറുകയെന്ന് കൂട്ടായ്മ പ്രസിഡന്റ് ദിനേശ് ബാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇത്തവണ രണ്ട് ദിവസങ്ങളിലായാണ് പൂരം അരങ്ങേറുക. 15ന് വൈകീട്ട് നാല് മണിക്ക് പൂരത്തിന് കൊടിയേറും. ശേഷം ശക്തൻ തമ്പുരാൻ പ്രതിമയുടെ അനാച്ഛാദനവും ആനച്ചമയം, ഭക്ഷ്യമേള എന്നിവയുടെ ഉദ്ഘാടനവും നടക്കും. പ്രമുഖ ഗായിക ഗൗരി ലക്ഷ്മി നയിക്കുന്ന മ്യൂസിക്കൽ നൈറ്റും ഡി.ജെ സാവിയോ ഒരുക്കുന്ന ഡി.ജെയുമുണ്ടാകും.16ന് വൈകീട്ട് കേളികൊട്ടോടെ പൂരത്തിന് തുടക്കമാവും. തേരൊഴി രാമക്കുറിപ്പ്, കുനിശേരി അനിയൻ മാരാർ, പെരുവനം കുട്ടൻ മാരാർ തുടങ്ങിയ പ്രമുഖരുടെ പ്രകടനങ്ങളും സന്ദർശകർക്ക് നവ്യാനുഭവം പകരും. തുടർന്ന് ഗംഭീകര വെടിക്കെട്ടും സംഘടിപ്പിക്കും.
ഇത്തവണ കുടമാറ്റത്തിൽ 150ൽ പരം കുടകളാണ് ഒരുക്കുന്നത്. ആറാമത് എഡിഷനിൽ ആറ് ആനകളെ അണിനിരത്തും. രമേശ് പിഷാരടി, കല്ലു മാത്തു, ജയരാജ് വാര്യർ, ജാസി ഗിഫ്റ്റ് തുടങ്ങിയവരും രണ്ട് ദിവസങ്ങളിലായി ഉത്സവത്തിന്റെ ഭാഗമാകും. പൂരത്തിനുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി എടുക്കാം. ടിക്കറ്റ് നിരക്കിൽ സ്ത്രീകൾക്ക് 50 ശതമാനം കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. പൂരം ആസ്വദിക്കാൻ സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യങ്ങളും പൂര നഗരിയിൽ തയാറാക്കും. ആദ്യ ദിനം 6000 പേരെയും രണ്ടാം ദിവസം 20,000 സന്ദർശകരെയുമാണ് പ്രതീക്ഷിക്കുന്നത്.
മ്മടെ തൃശൂർ കൂട്ടായ്മ ജനറൽ സെക്രട്ടറി നിസാം അബ്ദു, ട്രഷറർ വിമൽ കേശവ്, ജനറൽ കൺവീനർ ബാലു തറയിൽ, കൂട്ടായ്മയുടെ സ്ഥാപകനായ അജിത് കുമാർ തോപ്പിൽ, മുൻ പ്രസിഡന്റ് രാജേഷ് മേനോൻ, മുൻ സെക്രട്ടറി ശശീന്ദ്രൻ മേനോൻ, പ്രോഗ്രാം കൺവീനർമാരായ ശ്യാം ലാൽ, ലദീപ്, ദിൽന ദിനേഷ്, ജെ.കെ ഗുരുവായൂർ, രാഹുൽ മുരളി, സമീർ, വിവേക്, സിനർജി ഇവന്റ് പ്രതിനിധികളായ ബിന്ദു നയാർ, പ്രജീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.