ദുബൈ: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മുൻനിരയിൽ ഇടംപിടിച്ച് യു.എ.ഇ പാസ്പോർട്ട്. ഏറ്റവും ശക്തമായ എട്ടാമത്തെ പാസ്പോർട്ടായാണ് ഹെൻലി പാസ്പോർട്ട് സൂചികയിൽ യു.എ.ഇ ഇടംപിടിച്ചത്. 184രാജ്യങ്ങളിൽ വിസഫ്രീ യാത്രക്ക് സൗകര്യമുള്ള പാസ്പോർട്ട് 2015ൽ 32ാം സ്ഥാനത്തായിരുന്നതാണ് അതിവേഗം മുന്നേറ്റമുണ്ടാക്കിയത്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ 72 രാജ്യങ്ങളാണ് വിസഫ്രീ പട്ടികയിൽ രാജ്യത്തെ ഉൾപ്പെടുത്തിയത്. 2006ൽ സൂചിക ആരംഭിച്ചപ്പോൾ യു.എ.ഇ 62ാം സ്ഥാനത്തായിരുന്നു. 227 രാജ്യങ്ങളിൽ 193 എണ്ണത്തിലേക്ക് വിസരഹിത അല്ലെങ്കിൽ വിസ ഓൺ അറൈവൽ യാത്ര ലഭിക്കുന്ന സിംഗപ്പൂർ പാസ്പോർട്ടാണ് പട്ടികയിൽ ഒന്നാംസ്ഥാനം നിലനിർത്തിയിരിക്കുന്നത്. 190 രാജ്യങ്ങളിലേക്ക് വീതം ഈ സൗകര്യമുള്ള ദക്ഷിണ കൊറിയയും ജപ്പാനും രണ്ടാം സ്ഥാനത്താണ്. 187 ലക്ഷ്യസ്ഥാനങ്ങളുമായി സ്പെയിൻ, ജർമനി, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ഫിൻലൻഡ്, ഡെൻമാർക് എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു.
സൂചികയിലെ ആദ്യ 10ൽ ബാക്കിയുള്ളവ പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളാണ്. ആസ്ട്രേലിയ 189 ലക്ഷ്യസ്ഥാനങ്ങളുമായി ആറാംസ്ഥാനത്തും കാനഡ 188 ലക്ഷ്യസ്ഥാനങ്ങളുമായി ഏഴാം സ്ഥാനത്തും യു.എസ് 186 ലക്ഷ്യസ്ഥാനങ്ങളുമായി ഒമ്പതാം സ്ഥാനത്തുമാണുള്ളത്. ആദ്യ പത്തിൽ ഇടം നേടിയ ഏക അറബ് രാജ്യമാണ് യു.എ.ഇ. പാസ്പോർട്ട് ശക്തിയുടെ കാര്യത്തിൽ ഏറ്റവും വലിയ നഷ്ടം നേരിട്ട രാജ്യങ്ങളിൽ വെനിേസ്വലയും യു.എസുമുണ്ട്. 42ൽനിന്ന് 44ാം സ്ഥാനത്തേക്കാണ് വെനേസ്വല താഴ്ന്നത്. ഒരുകാലത്ത് രണ്ടാം സ്ഥാനത്തായിരുന്ന യു.എസ് നിലവിൽ ഒമ്പതാം സ്ഥാനത്തേക്കാണ് താഴ്ന്നത്.
അൽജീരിയ, ഇക്വറ്റോറിയൽ ഗിനിയ, തജികിസ്താൻ എന്നിവർക്കൊപ്പം പട്ടികയിൽ ഇന്ത്യ 80ാം സ്ഥാനത്താണുള്ളത്. യു.എ.ഇയുടെ ലോകരാജ്യങ്ങളുമായുള്ള മികച്ച നയതന്ത്രവും രാജ്യത്തിന് ആഗോളതലത്തിൽ വർധിച്ചുവരുന്ന പ്രധാന്യവുമാണ് പട്ടികയിൽ മുൻനിരയിൽ ഇടംപിടിച്ചത് സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.