‘വൺ ബില്യൺ മീൽസ്’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നു
ദുബൈ: 2022 റമദാൻ മാസത്തിൽ പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതി പൂർത്തിയായതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു.ലോകത്താകമാനം ആവശ്യക്കാരായ 100 കോടി പേർക്ക് ഭക്ഷണമെത്തിക്കുന്ന അതിബൃഹത്തായ പദ്ധതിയാണ് പൂർത്തീകരിച്ചത്. പദ്ധതിയിൽ 65 രാജ്യങ്ങളിലാണ് ഭക്ഷ്യക്കിറ്റുകൾ എത്തിച്ചിരിക്കുന്നത്.
മൂന്നുവർഷം മുമ്പ് ആരംഭിച്ച പദ്ധതി പൂർണമായും ഈ മാസം വിജയത്തിലെത്തിയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വരുന്ന വർഷം 26 കോടി ഭക്ഷണം കൂടി വിതരണം ചെയ്യുമെന്നും ഭക്ഷ്യസഹായ വിതരണം തുടരുന്നതിന് സുസ്ഥിര റിയൽ എസ്റ്റേറ്റ് എൻഡവ്മെന്റ് സ്ഥാപിതമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2020 റമദാനിൽ 10 മില്യൻ മീൽസ് പദ്ധതിയും 2021 റമദാനിൽ 100 മില്യൻ മീൽസ് പദ്ധതിയും നടപ്പിലാക്കിയതിന്റെ തുടർച്ചയായാണ് ‘വൺ ബില്യൺ മീൽസ്’ പദ്ധതി പ്രഖ്യാപിച്ചിരുന്നത്.
യു.എ.ഇയുടെ മാനുഷികമായ നിലപാട് പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഒരു വിവേചനവുമില്ലാത്ത രീതിയിൽ കുട്ടികൾ, സ്ത്രീകൾ, കുടുംബങ്ങൾ, വ്യക്തികൾ എന്നിവർക്കെല്ലാം സഹായമെത്തിക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തത്.‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവരിൽനിന്ന് വലിയ രീതിയിൽ സഹകരണവുമുണ്ടായിട്ടുണ്ട്. 2030ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള യു.എന്നിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമായിരുന്നു.
പദ്ധതി നടപ്പിലാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച യു.എൻ ഏജൻസികളടക്കമുള്ള പ്രദേശികവും മറ്റുമായ കൂട്ടായ്മകളെ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് (എം.ബി.ആർ.ജി.ഐ) സെക്രട്ടറി ജനറലും കാബിനറ്റ് കാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ഗർഗാവി അഭിനന്ദനമറിയിച്ചു.ഭക്ഷ്യമേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിന് സുസ്ഥിര പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിനും ഏറ്റവും ആവശ്യക്കാരായ ജനങ്ങളെ ആഗോളതലത്തിലും പ്രാദേശികമായും സഹായിക്കുന്നതിന് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.