ബ്ലൂസ്റ്റാർ പ്രതിനിധികൾ
അൽഐൻ: യു.എ.ഇയിലെ കായിക പ്രേമികൾ ഉറ്റുനോക്കുന്ന ബ്ലൂസ്റ്റാർ ഇന്റർ യു.എ.ഇ ഫാമിലി സ്പോർട്സ് ഫെസ്റ്റിവൽ നവംബർ 23ന് അൽഐൻ ജൂനിയേഴ്സ് സ്കൂളിലും ഡിസംബർ രണ്ടിന് മെഗാ ഫെസ്റ്റ് അൽഐൻ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. 56 ഇനങ്ങളിലായി 3000ത്തോളം കായിക താരങ്ങൾ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽനിന്ന് ഫെസ്റ്റ്വലിൽ മാറ്റുരക്കാൻ എത്തും. നാലു വയസ്സ് മുതൽ, 60 വയസ്സ് വരെയുള്ള എല്ലാവർക്കും പ്രായഭേദമന്യേ മത്സരങ്ങൾ ഉണ്ടാവും. 5000ത്തിൽ പരം കാണികൾ ഈ പ്രാവിശ്യത്തെ സ്പോർട്സ് ഫെസ്റ്റ് കാണാൻ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ അറിയിച്ചു. ബാഡ്മിന്റൺ, ബാസ്ക്കറ്റ് ബാൾ, ടേബ്ൾ ടെന്നിസ്, വോളിബാൾ തുടങ്ങിയവ 23ന് അൽഐൻ ജൂനിയേഴ്സ് സ്കൂളിൽ നടക്കും. ഫുട്ബാൾ, ത്രോ ബാൾ, വടം വലി, റിലേ തുടങ്ങി 52 ഇനങ്ങൾ ഡിസംബർ രണ്ടിന് അൽഐൻ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. ഒളിമ്പ്യൻ ടിന്റു ലൂക്ക ആയിരിക്കും ഈ പ്രാവശ്യത്തെ മുഖ്യാതിഥി.
ശൈഖ് മുഹമ്മദ് ബിൻ മുസ്സല്ലം സ്പോർട്സ് മേള ഉദ്ഘാടനം ചെയ്യും. അൽഐനിലെ പൊലീസ് മേധാവികൾ, പൗരപ്രമുഖർ മറ്റു സംഘടന നേതാക്കൾ തുടങ്ങിയ നൂറോളം ക്ഷണിക്കപ്പെട്ട അതിഥികൾ മേളയുടെ ഭാഗമാകും. രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന സ്പോർട്സ് ഫെസ്റ്റ് രാത്രി ഒമ്പത് മണിക്ക് അവസാനിക്കും. അൽഐൻ ഡൗൺ ടൗൺ ഹോട്ടലിൽ വാർത്തസമ്മേളനത്തിൽ ബ്ലൂസ്റ്റാർ ചീഫ് പട്രോൺ ജിമ്മി, ബ്ലൂ സ്റ്റാർ പ്രസിഡന്റ് ആനന്ദ് പവിത്രൻ, ജനറൽ സെക്രട്ടറി ജാഷിദ് പൊന്നേത്ത്, ആക്ടിങ് സ്പോർട്സ് സെക്രട്ടറി ഹുസൈൻ മാസ്റ്റർ, പ്രോഗ്രാം കോഓഡിനേറ്റർ കോയ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.