ദുബൈ: തുണിത്തരങ്ങളും പാദരക്ഷകളും ഉൾക്കൊള്ളുന്ന ഷിപ്മെന്റിന്റെ മറവിൽ നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്ത 35 ലക്ഷത്തോളം ഉൽപന്നങ്ങൾ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) പിടിച്ചെടുത്തു. യു.എ.ഇയിലെ ഒരു സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ ഉൾപ്പെടെ അനധികൃത വസ്തുക്കളുടെ വൻ ശേഖരം കണ്ടെത്തിയത്.
15.6 ലക്ഷം സിഗരറ്റ് പാക്കുകൾ, 17.7 ലക്ഷം ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾ, 111,360 പാക്കറ്റ് പുകയില, 4000 പാക്കറ്റ് ഹുക്ക പുകയില, 121 പാക്കറ്റ് നിക്കോട്ടിൻ പൗച്ച്, 4600 പാക്കറ്റ് മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. ഇവയുടെ ആകെ മൂല്യം പരിശോധിച്ചതിൽനിന്നും ഏതാണ്ട് 13.3 കോടി ദിർഹമിന്റെ നികുതി വെട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. നിയമലംഘകർക്ക് വൻ പിഴ ചുമത്തിയിട്ടുണ്ട്.
കൂടാതെ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. നികുതി വെട്ടിപ്പിനെതിരെയും എല്ലാ സ്ഥാപനങ്ങളും നികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും എഫ്.ടി.എ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന. രാജ്യത്ത് അനധികൃതമായി ഏത് ഉൽപന്നവും ഇറക്കുമതി ചെയ്യുന്നത് എക്സൈസ് നികുതി മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമായാണ് കണക്കാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.