ദുബൈ: ദുബൈയിൽ തൊഴിലാളിക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനികൾക്ക് നൽകിവരുന്ന തഖ്ദീർ അവാർഡ് രാജ്യാന്തരതലത്തിലേക്കും വ്യാപിപ്പിക്കുന്നു. തൊഴിലാളിക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന പുറംരാജ്യത്തുള്ള സംഘടനകളെയും പുരസ്കാരത്തിന് പരിഗണിക്കുമെന്ന് അവാർഡ് കമ്മിറ്റി ചെയർമാനും ദുബൈ എമിഗ്രേഷൻ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അവാർഡ് നിർണയിക്കുന്നതിനുള്ള മാനദണ്ഡമായ സ്റ്റാർ റേറ്റിങ്ങിൽ സെവൻ സ്റ്റാർ ലഭിക്കുന്നവർക്ക് 10 ലക്ഷം ദിർഹം സമ്മാനമായി നൽകും. നിലവിൽ അഞ്ചു സ്റ്റാർ വരെയുള്ള റേറ്റിങ്ങാണ് രാജ്യാന്തരതലത്തിലേക്ക് അവാർഡ് വ്യാപിപ്പിക്കുന്നതിന്റെ ഏഴു സ്റ്റാറായി ഉയർത്തിയത്. അവാർഡ് നിർണയിക്കുന്നത് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ്.
തൊഴിലുടമകളെയും തൊഴിലാളികളെയും ഒരുപോലെ സംരക്ഷിക്കുന്നതിൽ ദുബൈയുടെ പ്രതിബദ്ധതയുടെ തെളിവാണ് പുരസ്കാരം ആഗോളതലത്തിലേക്ക് വ്യാപിപ്പിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു. തൊഴിലാളി ക്ഷേമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് അവാർഡിൽ 7 സ്റ്റാർ റേറ്റിങ് ഉൾപ്പെടുത്തിയത്.
സമഗ്ര മൂല്യനിര്‍ണയത്തിലൂടെ പോയന്റ് അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നക്ഷത്രപദവി നല്കുന്ന ഈ സമ്പ്രദായം ലോകത്തുതന്നെ ആദ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തൊഴില്‍നിയമങ്ങളുടെ നടത്തിപ്പിലെ കാര്യക്ഷമത തിരിച്ചറിഞ്ഞ് തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളില്‍ സന്തോഷകരമായ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് തഖ്ദീര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവാർഡിന്റെ കൂടുതൽ വിവരങ്ങൾ തഖ്ദീർ അവാർഡ് കമ്മിറ്റിയുടെ വെബ്സൈറ്റ് മുഖേന അറിയാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ദുബൈ എമിഗ്രേഷൻ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ സാന്നിധ്യത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ തഖ്ദീർ അവാർഡ് ടെക്നിക്കൽ അഡ്വൈസർ ബ്രിഗേഡിയർ ജനറൽ അബ്ദുൽ സമദ് ഹുസൈൻ, സെക്രട്ടറി ജനറൽ ലഫ്റ്റനന്റ് കേണൽ ഖാലിദ് ഇസ്മായിൽ, എൻജിനീയർ മുഹമ്മദ് കമാൽ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.