ദുബൈ: ആഡംബര വാഹനങ്ങളുടെ സേവനം നൽകുന്ന കമ്പനികളേയും കാർ വാടക സ്ഥാപനങ്ങളെയും സംയോജിപ്പിക്കുന്നതിന് ‘തകാമുൽ പെർമിറ്റ്’ എന്ന പേരിൽ പുതിയ സംവിധാനം അവതരിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ലിമോസിൻ കമ്പനികളും റെന്റ് എ കാർ കമ്പനികളും തമ്മിൽ തടസ്സമില്ലാത്ത സഹകരണത്തിന് വഴിയൊരുക്കുന്നതാണ് പുതിയ പെർമിറ്റ് സംവിധാനം. ഇതു വഴി കാർ വാടകക്ക് നൽകുന്ന സ്ഥാപനങ്ങൾക്ക് പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ആഡംബര വാഹനങ്ങൾ താൽകാലികമായി ഉപയോഗിക്കാനാവും. അതോടൊപ്പം വ്യക്തികൾ, വിനോദ സഞ്ചാരികൾ, താമസക്കാർ എന്നിവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ലക്ഷ്വറി വാഹനങ്ങൾ ഡ്രൈവർ ഉൾപ്പെടെ ഒരു മാസം വരെ വാടകക്ക് എടുക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് ആർ.ടി.എയുടെ കൊമേഴ്സ്യൽ ട്രാൻസ്പോർട്ട് വകുപ്പ് ഡയറക്ടർ ജമാൽ അൽ സദാഹ് പറഞ്ഞു.
കാർ വാടകക്ക് നൽകുന്ന എല്ലാ വിഭാഗളെയും ഉൾകൊള്ളിച്ച് സമഗ്രവും സുഗവുമായ നിയമ ചട്ടക്കൂട് ഉൾകൊള്ളുന്ന സംവിധാനമാണ് ‘തകാമുൽ പെർമിറ്റ്’. വാടക കരാറുകളുടെ രജിസ്ട്രേഷൻ, ഡീലക്സ് വാഹന കമ്പനികളുടെ എൻറോളിങ്, ഇലക്ട്രോണിക് ട്രാൻസ്പോർട്ട് ആകിവിറ്റീസ് റെന്റൽ സിസ്റ്റ (ടി.എ.ആർ.എസ്)ത്തിൽ ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കൽ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെല്ലാം ‘തകാമുൽ പെർമിറ്റ്’ വഴി നിയമവിധേയമാക്കും. തകാമുൽ പെർമിറ്റിന് അംഗീകാരം ലഭിക്കുന്നതിന് അംഗങ്ങളുടെ പട്ടികയും അവരുടെ വാണിജ്യ ലൈസൻസും കമ്പനികൾ പങ്കുവെക്കണം. ആർ.ടി.എ വെബ്സൈറ്റിലൂടെ ഉപഭോക്താക്കൾക്ക് പെർമിറ്റിന് അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.