റോബോട്ടിക് ഉപകരണം
ദുബൈ: യുദ്ധമുഖങ്ങളിൽ വളരെ ഉപകാരപ്രദമായ കണ്ടു പിടുത്തവുമായി ദുബൈയിലെ കാനഡീയൻ യൂണിവേഴ്സിറ്റി. സ്ഫോടക വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കുന്ന സുരക്ഷിതവും വിലകുറഞ്ഞതും ഹൈടെക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതുമായ റോബോട്ടാണ് കണ്ടെത്തിയിരിക്കുന്നത്. വളരെ സങ്കീർണമായ സംഘർഷ സ്ഥലങ്ങളിൽ പൊലീസിനും സൈന്യത്തിനുമടക്കം ഉപകാരപ്രദമാണ് ഈ ഉപകരണം.
ആർടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോബോട്ടിന് 'റോബോ സെയ്ഫ്' എന്നാണ് പേരിട്ടിരിക്കുന്നത്. നാല് കാലുള്ള ഒരു മൃഗത്തെ പോലെ സഞ്ചരിക്കാനും യുദ്ധമേഖലകളിൽ ബോംബുകളും മൈനുകളും നിർവീര്യമാക്കാനും ഇതിന് കഴിയും.
സർവ്വകലാശാലയിലെ എൻജിനീയറിങ്, അപ്ലൈഡ് സയൻസ് ആൻഡ് ടെക്നോളജി ഫാക്കൽറ്റിയിലെ മൂന്ന് വിദ്യാർഥികൾ മത്സരത്തിന്റെ ഭാഗമായാണ് ഉപകരണം വികസിപ്പിച്ചത്. നൂതനാശയങ്ങളെ എങ്ങനെ ഒരു പ്രായോഗിക സംരംഭമാക്കി മാറ്റാമെന്ന് കാണിക്കുന്ന ബിസിനസ് പ്ലാൻ വികസിപ്പിക്കാനാണ് മൽസരം നടന്നത്.
അപകടകരമായ സാഹചര്യങ്ങളിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്കും കമ്പനികൾക്കും ഉപകരണം സഹായകമരമാണെന്ന് പദ്ധതിയുടെ ഭാഗമായ മുഹമ്മദ് ഫായിഖ് എന്ന വിദ്യാർഥി പറഞ്ഞു. അടുത്തിടെ നടന്ന ഇന്നവേഷൻ അറേബ്യ-15 കോൺഫറൻസിന്റെയും എക്സിബിഷന്റെയും ഭാഗമായി നടന്ന യു-സ്റ്റാർട്ട് എന്റർപ്രൈസ് മത്സരത്തിൽ ഇവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
യൂനിവേഴ്സിറ്റിയുടെ സംരഭകത്വ കേന്ദ്രീകൃതമായ പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും വിദ്യാർഥികളുടെ നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും അസി. പ്രഫ. ഡോ. അഹമ്മദ് അൽ ഗിന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.