ആർട്ട് കല ഫൈനാർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ ചിത്രകലാ പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങ്
ദുബൈ: ആർട്ട് കല ഫൈനാർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ ചിത്രകല പ്രദർശനം ദുബൈ ഖിസൈസ് അമിറ്റി സ്കൂളിൽ നടന്നു. യു.എ.ഇയിലെ ആർട്ടിസ്റ്റ് ഫൈസൽ അൽ അബ്ദുൽ ഖാദർ പ്രദർശനം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥികളായ ഇന്ത്യൻ, ഇംഗ്ലീഷ് സിനിമ പ്രൊഡ്യൂസർ എം.ആർ. വേണു കുന്നപ്പിള്ളി, ആർട്ടിസ്റ്റ് പീറ്റർ ഗ്രെസ്മൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആറ് മുതൽ 60 വയസ്സുവരെ പ്രായമുള്ള ചിത്രകലാ വിദ്യാർഥികൾ പ്രദർശനത്തിൽ പങ്കെടുത്തുവെന്ന് ആർട്ട് കല ഫൈൻ ആർട്സ് ഡയറക്ടറും അധ്യാപകനുമായ മോഹൻ പൊൻചിത്ര പറഞ്ഞു. ആർട്ട് കല വിദ്യാലയത്തിലെ വിദ്യാർഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പേരുടെ പെയ്ന്റിങ്ങുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്.അറബ് സംസ്കാരം എന്ന പ്രമേയത്തിൽ അക്രലിക്, ഓയിൽ രീതികളിലാണ് സൃഷ്ടികൾ തയാറാക്കിയത്.
അമിറ്റി സ്കൂളിലെ ഓഡിറ്റോറിയത്തിൽ മേയ് 24, 25 തീയതികളിൽ രാവിലെ 10 മുതൽ രാത്രി 8.30 വരെയാണ് പ്രദർശനം നടന്നത്. എക്സിബിഷനോട് അനുബന്ധിച്ച് നടന്ന ഫ്രീ വർക്ക്ഷോപ്പ്, ഡെമോൺസ്ട്രഷൻ, ഡ്രോയിങ് ക്ലാസുകളിൽ നിരവധിപേർ പങ്കെടുത്തു. മിഡിലീസ്റ്റിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തുന്ന ഏറ്റവും വലിയ ചിത്രപ്രദർശനമാണിതെന്ന് മോഹൻ പൊൻചിത്ര പറഞ്ഞു.
ഇന്ത്യ, ഫിലിപ്പീൻസ്, യു.കെ, സൗദി എന്നീ രാജ്യങ്ങളിൽനിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ പ്രദർശനത്തിൽ പങ്കെടുത്തു. ദുബൈയിലെ ജീവകാരുണ്യ സംഘടനയായ ബൈത്ത് അൽ ഖൈറുമായി സഹകരിച്ച് കുട്ടികൾക്ക് സൗജന്യ ചിത്രകല പരിശീലനം നൽകുന്നുണ്ടെന്നും മോഹൻ പൊൻചിത്ര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.