ദുബൈ: യാത്രക്കാരെ ദുരിതത്തിലാക്കിയ സ്പൈസ് ജെറ്റ് വിമാനം പറന്നത് 28 മണിക്കൂറിന് ശേഷം. ഈ സമയമത്രയും വിമാനത്താവളത്തിൽ കഴിഞ്ഞുകൂടുകയായിരുന്നു ഭൂരിപക്ഷം യാത്രക്കാരും. ഞായറാഴ്ച രാവിലെ 9.30ന് ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട കൊച്ചി വിമാനമാണ് യാത്രക്കാരെ വലച്ചത്. ദുരിതത്തിനൊടുവിൽ തിങ്കളാഴ്ച ഉച്ചക്ക് 1.30ന് വിമാനം പറന്നു.
വിമാനത്താവളത്തിലെ കസേരയിലും നിലത്തുമായിരുന്നു ഭൂരിപക്ഷം യാത്രക്കാരും രാത്രി ചിലവഴിച്ചത്. ചിലർ അധികൃതരുടെ അനുമതി വാങ്ങി താമസ സ്ഥലങ്ങളിലേക്ക് പോയി. എന്നാൽ, സന്ദർശക വിസക്കാർക്കും വിസ റദ്ദാക്കിയവർക്കും പുറത്ത് പോകാൻ പോലും കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ പുറപ്പെടേണ്ട വിമാനം ഉച്ചക്ക് 1.30ന് പുറപ്പെടുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീട് ഇത് 2.30 ലേക്കും 3.30ലേക്കും മാറ്റി. പിന്നീട് അനിശ്ചിതമായി നീളുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 9.30ന് പുറപ്പെടും എന്നാണ് ഞായറാഴ്ച രാത്രി അറിയിച്ചിരുന്നത്. താമസ സ്ഥലത്തേക്ക് മടങ്ങിയവർ രാവിലെ തന്നെ വിമാനത്താവളത്തിൽ എത്തിയെങ്കിലും വീണ്ടും വൈകുകയായിരുന്നു. പ്രായമായവരും കുട്ടികളും അടിയന്തരമായി നാട്ടിൽ എത്തേണ്ടവരുമെല്ലാം കുടുങ്ങി. സാങ്കേതിക തകരാറാണ് വിമാനം വൈകലിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, കൃത്യമായ വിവരങ്ങൾ നൽകാനോ യാത്രക്കാർക്ക് സൗകര്യമൊരുക്കാനോ അധികൃതർ തയാറായില്ലെന്ന് പരാതിയുണ്ട്.
വിമാനത്തിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ധാക്കിയിരുന്നു. ഇതിലെ യാത്രക്കാർക്കും മണിക്കൂറുകളോളം വൈകിയാണ് തുടർ യാത്രയൊരുക്കിയത്. ഇന്ത്യൻ കമ്പനികളുടെ വിമാനം വൈകൽ സ്ഥിരമാകുന്നത് പ്രവാസികൾക്ക് തലവേദനയാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.