റാസല്‍ഖൈമ: ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇനി ഉടമസ്ഥരുടെ അധീനതയില്‍ തന്നെ സൂക്ഷിക്കാന്‍ ‘സ്മാര്‍ട്ട് ഇംപൗണ്ട്മെന്റ്’ സംവിധാനം അവതരിപ്പിച്ച് റാക് പൊലീസ്. ജനറല്‍ റിസോഴ്സ് അതോറിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന പുതിയ സംവിധാനം ജനുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി വ്യക്തമാക്കി.
പിടിച്ചെടുക്കുന്ന വാഹനം പൊലീസിന്റെ വെഹിക്കിള്‍ കസ്റ്റഡി യാര്‍ഡില്‍ സൂക്ഷിക്കുന്നതിന് പകരം ഉടമകള്‍ക്ക് സ്വന്തം കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കഴിയുന്നുവെന്നതാണ് ഇലക്ട്രോണിക് നിരീക്ഷണത്തിന് ഊന്നല്‍ നല്കുന്ന ‘സ്മാര്‍ട്ട് ഇംപൗണ്ട് സംവിധാനം. നിര്‍ദിഷ്ട സ്ഥലത്തു നിന്ന് വാഹനങ്ങള്‍ മാറ്റുന്നില്ലെന്ന് ഉറപ്പാക്കുന്ന സംവിധാനം വാഹനങ്ങളുടെ പരിപാലനത്തിന് ഉടമകള്‍ക്ക് അവസരവും നല്‍കും.
പുതിയ സംവിധാനം തടങ്കല്‍ യാര്‍ഡിലെ തിരക്ക് കുറക്കുന്നതിനും സ്മാര്‍ട്ട് സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും സഹായിക്കുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള റാക് പൊലീസിന്റെ പ്രതിബദ്ധതയാണ് സ്മാര്‍ട്ട് ഇംപൗണ്ട്മെന്റ് സംവിധാനം.
ദിവസങ്ങള്‍ നീളുന്ന പാര്‍ക്കിങ് മൂലം വാഹനങ്ങള്ക്കുണ്ടാകാനിടയുള്ള കേടുപാടുകളില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കാന്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ ഇടക്കിടെ പ്രവർത്തിപ്പിക്കുന്നതിനും പരിചരണം നല്‍കുന്നതിനും ഈ സേവനം ഉപഭോക്താക്കള്‍ക്ക് അവസരം നല്കുന്നു. ഈ സേവനത്തില്‍ എല്ലാത്തരം വാഹനങ്ങളും ഉള്‍പ്പെടുന്നതായും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.