അബൂദബി: അതിവേഗ പാതയില്‍ വേഗം കുറച്ച് വാഹനമോടിച്ചതിന് അബൂദബിയില്‍ കഴിഞ്ഞ ഒരു വര്‍ഷം പിഴ ലഭിച്ചത് 4,09,059 പേര്‍ക്ക്. യു.എ.ഇയിലുടനീളം കഴിഞ്ഞ വർഷം ട്രാഫിക് പിഴ ലഭിച്ചത് 4,09,305 പേർക്കാണ്. ഇതിൽ 99 ശതമാനവും അബൂദബിയിലാണ്. 2023ല്‍ 3,00,147 നിയമലംഘനങ്ങളാണ് യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2023നെ അപേക്ഷിച്ച് 2024ല്‍ 1.09 ലക്ഷത്തിലേറെ നിയമലംഘനങ്ങളാണ് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദുബൈയില്‍ 192ഉം ഷാര്‍ജയില്‍ 41ഉം റാസല്‍ഖൈമയില്‍ ആറും ഉമ്മുല്‍ ഖുവൈനില്‍ നാലും അജ്മാനില്‍ മൂന്നും നിയമലംഘനങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
ഫുജൈറയില്‍ ഒരു നിയമലംഘനം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 400 ദിര്‍ഹമാണ് കുറഞ്ഞ വേഗപരിധി ലംഘിക്കുന്നതിനു ചുമത്തുന്ന പിഴത്തുക. ഇടത്തേ ലൈനുകളില്‍ സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനായി കുറഞ്ഞ വേഗത്തില്‍ പോവുന്ന വാഹനങ്ങള്‍ വലത്തേ അറ്റത്തെ ലൈനുകളിലൂടെ പോവണമെന്നാണ് നിയമം. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡിലെ (ഇ311) മണിക്കൂറില്‍ 120 കിലോമീറ്ററെന്ന കുറഞ്ഞ വേഗപരിധി കഴിഞ്ഞ മാസം ഒഴിവാക്കിയിരുന്നു.
ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വലിയ ലോറികളുടെ നീക്കം സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററെന്ന മുന്നറിയിപ്പ് ബോര്‍ഡുകളും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, പരമാവധി വേഗപരിധി മണിക്കൂറില്‍ 140 കിലോമീറ്ററായി തുടരും. 2023 ഏപ്രിലിലായിരുന്നു ഇ 311ല്‍ കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററായി നിശ്ചയിച്ചത്.
ഇടത്തേ അറ്റത്തെ ആദ്യ രണ്ടു ലൈനുകളിലായിരുന്നു കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററായി നിശ്ചയിച്ചിരുന്നത്. കുറഞ്ഞ വേഗപരിധി നിശ്ചയിച്ച ലൈനുകളില്‍ ഇതിലും കുറഞ്ഞ വേഗത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹമായിരുന്നു നേരത്തേ പിഴ ചുമത്തിയിരുന്നത്.
എന്നാല്‍, ഈ ലൈനുകളില്‍ മുന്നില്‍ പോവുന്ന വാഹനങ്ങള്‍ പതിയെ പോവുന്നത് സാധാരണമായിരുന്നതിനാല്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് നിരവധി പേര് പരാതിപ്പെട്ടിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് അബൂദബി മൊബിലിറ്റി വേഗ നിയന്ത്രണം എടുത്തുകളഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.