ഷാർജ: സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ തളർത്തിയ മലബാറിലെ ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങൾക്ക് വെളിച്ചം പകർന്ന നവോത്ഥാന നായകനായിരുന്നു കെ.എം. സീതി സാഹിബെന്ന് മുസ്ലിം ലീഗ് തൃശൂർ ജില്ല വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു. സീതി സാഹിബ് ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്ററിന്റെ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ അറിയാത്ത ഒരു കാലഘട്ടത്തിൽ ഫറോക്ക് കോളജ് ആരംഭിച്ച സീതി സാഹിബ് തന്റെ സമ്പത്തും ആരോഗ്യവും വിജ്ഞാനവും സമൂഹത്തിനായി ചെലവഴിച്ചു.
സി.എച്ച്. മുഹമ്മദ് കോയയെ പോലെ ഏറ്റവും നല്ല പ്രതിഭകളെ കണ്ടെത്തി സംഘടനാ രംഗത്തേക്ക് ഉയർത്തിക്കൊണ്ടുവന്ന നേതാവായിരുന്നു അദ്ദേഹം. വലിയ ഭൂസ്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹം സ്പീക്കർ ആയിരിക്കെ മരണപ്പെട്ടപ്പോൾ മയ്യിത്ത് ഖബറടക്കാനുള്ള പണം മാത്രം അവശേഷിപ്പിച്ചു കൊണ്ടാണ് ജീവിതാന്ത്യം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 19നു ഷാർജയിൽ വെച്ചു സീതി സാഹിബ് അനുസ്മരണ സമ്മേളനം വിപുലമായ പരിപാടികളോടെ നടത്താൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് കബീർ ചാന്നാങ്കര അധ്യക്ഷത വഹിച്ചു. കെ.എച്ച്.എം അഷ്റഫ് മുഖ്യാതിഥി ആയിരുന്നു. തൃശൂർ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി പി.എ. ഷാഹുൽ ഹമീദ് ആശംസകൾ നേർന്നു. സിദ്ദീഖ് തളിക്കുളം, നുഫൈൽ പുത്തൻചിറ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ സ്വാഗതവും ട്രഷറർ സലാം തിരുനെല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.