മുഖ്യമന്തി പിണറായി വിജയനെ യു.എ.ഇ ക്യാബിനറ്റ്‌ മന്ത്രിയുമായ ശൈഖ് നഹ്​യാൻ ബിൻ മുബാറക് ആൽ നഹ്​യാൻ, ശൈഖ് നഹ്യാന്‍റെ മകനും യു.എ.ഇ വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ് ഷഖ്‌ബൂത്ത് ബിൻ നഹ്​യാൻ ആൽ നഹ്​യാൻ എന്നിവർ ചേർന്ന്​ സ്വീകരിക്കുന്നു. മന്ത്രി പി. രാജീവ്, എം.എ. യൂസഫലി തുടങ്ങിയവർ സമീപം

എക്സ്​പോയിലെ കേരള പ്രദർശനത്തിന്‍റെ ഉദ്​ഘാടനത്തിന്​ ശൈഖ്​ നഹ്​യാനും എത്തും

അബൂദബി: രാജകുടുംബാംഗവും യു.എ.ഇ കാബിനറ്റ്‌ മന്ത്രിയുമായ ശൈഖ് നഹ്​യാൻ ബിൻ മുബാറക് ആൽ നഹ്​യാൻ, ശൈഖ് നഹ്​യാന്‍റെ മകനും യു.എ.ഇ വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ് ഷഖ്‌ബൂത്ത് ബിൻ നഹ്​യാൻ ആൽ നഹ്​യാൻ എന്നിവരുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. അബൂദബിയിലെ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. വെള്ളിയാഴ്ച ദുബൈ എക്സ്പോയിലെ കേരളത്തിന്‍റെ പ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയാകാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം എക്സ്പോ കമീഷണർ ജനറൽ കൂടിയായ ശൈഖ് നഹ്​യാൻ സ്വീകരിച്ചു. യു.എ.ഇയുടെ വികസനത്തിൽ മലയാളികൾ വഹിച്ച പങ്കിനെ ശൈഖ് നഹ്​യാൻ പ്രകീർത്തിച്ചു. ഉന്നത ബൗദ്ധിക നിലവാരമുള്ള മലയാളികൾ യു.എ.ഇക്ക് എന്നും മുതൽക്കൂട്ടാണെന്നും പരസ്പര സഹകരണത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ മികച്ച ഭാവി പ്രദാനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ ഉപഹാരം മുഖ്യമന്ത്രി ശൈഖ് നഹ്​യാന് സമ്മാനിച്ചു. വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക വൈസ് ചെയർമാനും അബൂദബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസുഫലി, കെ.എസ്‌.ഐ.ഡി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം, മുഖ്യമന്ത്രിയുടെ സെക്രട്ടറി മിർ മുഹമ്മദ് എന്നിവരും സന്നിഹിതരായി.

എക്സ്പോയിൽ നോർക്കയുടെ പ്രത്യേക പ്രദർശനം

ദുബൈ: എക്സ്​പോയിലെ ഇന്ത്യൻ പവലിയനിൽ നോർക്കയുടെ പ്രത്യേക പ്രദർശനം. മുഖ്യമന്ത്രി പിണറായി വിജയൻ നാലിന്​ ഉദ്ഘാടനം ചെയ്യുന്ന കേരളത്തിന്‍റെ പ്രദർശനങ്ങളിലാണ്​ നോർക്ക സേവനങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ പ്രദർശനം. വ്യവസായ- ടൂറിസം വകുപ്പുകളുടെ പ്രത്യേക പ്രദർശനവും ഉണ്ട്. മന്ത്രി പി. രാജീവ്, നോർക്ക റൂട്ട്സിന്‍റെ റസിഡന്‍റ്​ വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരും മറ്റ് വ്യവസായ ടൂറിസം വകുപ്പിന്‍റെ അംഗങ്ങളും പങ്കാളികളാകും. നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത് കോളശ്ശേരി ദുബൈയിൽ എത്തിയിട്ടുണ്ട്.

മലയാളികളുമായി മുഖ്യമന്ത്രി സംവദിക്കും

ദുബൈ: പ്രവാസിക്ഷേമ വകുപ്പിന്‍റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളികളുമായി സംവദിക്കും. നോർക്കയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിന്​ അൽനാസർ ലെഷർലാൻഡിലാണ്​ കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്​. ബിസിനസ് മീറ്റ്, എന്റർപ്രണേഴ്സ് മീറ്റ് തുടങ്ങിയവയിലും മുഖ്യമന്ത്രി പങ്കെടുക്കും. പ്രവാസി ക്ഷേമത്തോടൊപ്പം പ്രവാസികളുടെ നിക്ഷേപത്തിന് ഫലപ്രദവും സൗകര്യപ്രദവുമായ മാർഗങ്ങൾക്ക് ദിശ കാണിക്കാനും മുഖ്യമന്ത്രിയുടെ സന്ദർശനം ലക്ഷ്യംവെക്കുന്നു.

മുഖ്യമന്ത്രി ഇന്ന്​ എക്സ്​പോയിൽ

ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ദുബൈ എക്​സ്​പോയിൽ എത്തും. യു.എ.ഇ പവലിയനിൽ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം സ്വീകരിക്കും. നാലിനാണ്​ എക്സ്​പോയിലെ കേരളത്തിന്‍റെ പ്രദർശനങ്ങൾ ഉദ്​ഘാടനം ചെയ്യുന്നത്​.


Tags:    
News Summary - Sheikh Nahyan will also attend the inauguration of the Kerala Exhibition at the Dubai Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.