ദുബൈ: മേഖലയിലെ സംഘർഷ അന്തരീക്ഷത്തിനിടെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്കിയാനുമായി ഫോൺ സംഭാഷണം നടത്തി. വെല്ലുവിളിനിറഞ്ഞ നിലവിലെ സാഹചര്യത്തിൽ ഇറാനും ജനങ്ങൾക്കും ഐക്യദാർഢ്യമറിയിച്ച ശൈഖ് മുഹമ്മദ്, മേഖലയിൽ സംഘർഷം കുറക്കുന്നതിനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിന് യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.
വർധിച്ചുവരുന്ന സംഘർഷം പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിനും ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും യു.എ.ഇ സജീവമായ കൂടിയാലോചനകളിൽ ഏർപ്പെടുന്നത് തുടരുമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ഈ ലക്ഷ്യം കൈവരിക്കുന്നത് ലക്ഷ്യമിട്ടുള്ള ഏതൊരു സംരംഭത്തിനും യു.എ.ഇയുടെ പിന്തുണ അറിയിക്കുകയും ചെയ്തതായി വാർത്ത ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്ത യു.എ.ഇയിലെ ഇറാൻ പൗരന്മാരുടെ വിസാ പിഴകൾ ഒഴിവാക്കുന്നതിന് യു.എ.ഇ പ്രസിഡന്റ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.ഇതനുസരിച്ച് വിസാ കാലാവധി പിന്നിട്ട ഇറാൻ പൗരന്മാരായ താമസവിസക്കാർക്കും സന്ദർശക വിസക്കാർക്കും പിഴയുണ്ടാവില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചിട്ടുണ്ട്.നേരത്തേ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, യു.കെ പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അൽ സുദാനി എന്നിവരുമായും മേഖലയിലെ നിലവിലെ സാഹചര്യം ഫോൺ വഴി ചർച്ച ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.