ജീവകാരുണ്യരംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കൊപ്പം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
അബൂദബി: ജീവകാരുണ്യപ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന മനുഷ്യസ്നേഹികളെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. അബൂദബി അൽ ബത്തീൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ യു.എ.ഇയുടെ ഭാവി സുസ്ഥിരത പദ്ധതികൾ, ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യസുരക്ഷ, കൃഷി, ഊർജ, സാമ്പത്തിക മേഖലയിലെ മികച്ച മുന്നേറ്റങ്ങൾ, നദീ സംരക്ഷണം എന്നിവയടക്കം ചർച്ചയായി.
മനുഷ്യസ്നേഹത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ മുന്നോട്ടുവെച്ച മാർഗദർശനങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഇവരുടെ പ്രവർത്തനങ്ങളെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. യു.എ.ഇയുടെ ഗ്ലോബൽ ഹുമാനിറ്റേറിയൻ കാഴ്ചപ്പാടിന് കൂടുതൽ ഊർജം നൽകുന്ന പ്രവർത്തനങ്ങൾ തുടരണമെന്നും അദേഹം കൂട്ടിച്ചേർത്തു.
സായിദ് ചാരിറ്റബ്ൾ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ട് തുടങ്ങി ആരോഗ്യ, വിദ്യാഭ്യാസ, സുസ്ഥിരത, ഭക്ഷ്യസുരക്ഷ, ഊർജം, സാമ്പത്തികം, കൃഷി മേഖലയിലെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടന അംഗങ്ങൾ, എർത്ത് സായിദ് ഫിലാന്ത്രോപ്പീസ്, സന്നദ്ധസംഘടന പ്രവർത്തകർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.