ഷാർജ: ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയവും ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സും സംഘടിപ്പിക്കുന്ന 14ാമത് വേനൽക്കാല കാമ്പയിനിന്റെ ഭാഗമായി ആയിരക്കണക്കിന് തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിശോധനയും സുരക്ഷാ ബോധവത്കരണവും നടത്തും. ജൂലൈ മൂന്ന് മുതൽ ആരംഭിക്കുന്ന കാമ്പയിൻ ‘നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ മുൻഗണന’ എന്ന തലക്കെട്ടിലാണ് നടക്കുന്നത്.
കാമ്പയിൻ വഴി 10,000 പുറം ജോലിക്കാരെയും അഞ്ച് ലക്ഷം സമൂഹത്തിലെ മറ്റംഗങ്ങളെയുമാണ് ലക്ഷ്യമിടുന്നത്. ജൂൺ 15മുതൽ ആരംഭിച്ച ഉച്ചവിശ്രമ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് കാമ്പയിൻ ഒരുക്കുന്നത്.
ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ നടന്ന പത്ര സമ്മേളനത്തിലാണ് അധികൃതർ പദ്ധതി പ്രഖ്യാപിച്ചത്.ഈ വർഷത്തെ കാമ്പയിൻ നിർമാണ തൊഴിലാളികൾക്കൊപ്പം, വീട്ടുജോലിക്കാർ, ഡെലിവറി ഡ്രൈവർമാർ, മുനിസിപ്പൽ ഇൻസ്പെക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, ഫാക്ടറി തൊഴിലാളികൾ എന്നിവരെയും ലക്ഷ്യമിടുന്നുണ്ട്. വ്യത്യസ്ത ഭാഷകളിലെ ബോധവത്കരണ സെഷനുകൾ, എസ്.എം.എസ് അലർട്ടുകൾ, ഓൺ-സൈറ്റ് പ്രഭാഷണങ്ങൾ, സംരക്ഷണ ഉപകരണങ്ങൾ, വെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിതരണം എന്നിവ ഈ സംരംഭത്തിൽ ഉൾപ്പെടും.
ഷാർജയിലും മധ്യ, കിഴക്കൻ മേഖലകളിലുമായി ഒമ്പതിലധികം സ്ഥലങ്ങളിൽ രക്തസമ്മർദം, ഷുഗർ, നേത്ര പരിശോധന എന്നിവയുൾപ്പെടെ സൗജന്യ മെഡിക്കൽ പരിശോധന നടത്തും. സെപ്റ്റംബർ 15ന് അവസാനിക്കുന്ന ഉച്ചവിശ്രമ നിയമ കാലയളവിൽ നിരവധി പരിശോധനകളും അധികൃതർ ആസൂത്രണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.