ഷാർജ അന്താരാഷ്ട്ര പ്രസാധക സമ്മേളനം ഇന്നുമുതൽ

ഷാർജ: ലോകമെമ്പാടുമുള്ള പ്രസാധക പ്രമുഖരെയും പുസ്തക മേഖലയിലെ വിദഗ്ദ്ധരെയും അണിനിരത്തി 16-ാമത് ഷാർജ അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിന് ഞായറാഴ്ച തുടക്കമാകും. നവംബർ മൂന്നുവരെ നീളുന്ന സമ്മേളനത്തിൽ പ്രസാധന രംഗം അഭിമുഖീകരിക്കുന്ന 30 പ്രധാന വിഷയങ്ങളിൽ വിപുലമായ ചർച്ചകളും കൂടിക്കാഴ്ചകളും നടക്കും.

ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ അധ്യക്ഷ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ മുഖ്യപ്രഭാഷണത്തോടെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ (എസ്.ഐ.ബി.എഫ്) വിശിഷ്ട അതിഥി രാജ്യമായ ഒമാനെ പ്രതിനിധീകരിച്ച് മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകോത്സവ ഡയറക്ടർ അഹമ്മദ് ബിൻ സൗദ് അൽ റവാഹിയും പങ്കെടുക്കും.

സമ്മേളനത്തിന്‍റെ ആദ്യദിനത്തിൽ പുസ്തകങ്ങളുടെ എഡിറ്റിങ്, പ്രൂഫ് റീഡിങ്, മാർക്കറ്റിങ്, ഓഡിയോ ബുക്ക് നിർമാണം എന്നിവയിൽ എ.ഐ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് വിശകലനം ചെയ്യും. ഡിജിറ്റൽ യുഗത്തിലെ പ്രസാധന-വിവർത്തന അവകാശങ്ങൾ, പുസ്തകങ്ങളെ സിനിമയായും ടെലിവിഷൻ പരമ്പരകളായും മാറ്റുന്ന രീതികൾ, അന്താരാഷ്ട്ര വിപണികളിലേക്കുള്ള വ്യാപനം, ആമസോൺ, നൂൺ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള പുസ്തക വിപണനം എന്നിവയും ആദ്യ ദിനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രസാധകരും ലിറ്റററി ഏജന്‍റുമാരും തമ്മിൽ പുസ്തക വിവർത്തന അവകാശങ്ങൾ കൈമാറുന്നതിനുമുള്ള ബിസിനസ്സ് കൂടിക്കാഴ്ചകൾ നടക്കും. അതോടൊപ്പം, കാഴ്ചപരിമിതിയുള്ളവർക്ക് വായന പ്രാപ്യമാക്കുന്നതിനെക്കുറിച്ചും അറബ് മേഖലയിലെ പ്രസാധന സാധ്യതകളെക്കുറിച്ചുമുള്ള പ്രത്യേക യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. നവംബർ നാലിന് ആരംഭിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായാണ് അന്താരാഷ്ട്ര പ്രസാധക സമ്മേളനം.

Tags:    
News Summary - Sharjah International Publishers Conference begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.