അന്വേഷണങ്ങൾ വേഗത്തിലാക്കാൻ പുതിയ ഫോറൻസിക് പരിശോധന രീതിയുമായി ദുബൈ പൊലീസ്

ദുബൈ: കുറ്റകൃത്യങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾ വേഗത്തിലാക്കുന്നതിനും നീതിനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ദുബൈ പൊലീസ് ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ പുതിയ മെഡിക്കൽ പരിശോധനാ രീതികൾ പ്രാബല്യത്തിൽ വരുത്തി.

ഫോറൻസിക് മെഡിക്കൽ റിപ്പോർട്ടുകൾ തയാറാക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും കാത്തിരിപ്പ് സമയം ഗണ്യമായി കുറക്കാനും പുതിയ പരിഷ്കാരങ്ങളിലൂടെ സാധിക്കും. ഇതിലൂടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർണായകമായ ശാസ്ത്രീയ തെളിവുകൾ ഇനി വേഗത്തിൽ ലഭ്യമാകും.

ക്രിമിനൽ അന്വേഷണങ്ങളിൽ ഫോറൻസിക് മെഡിക്കൽ റിപ്പോർട്ടുകൾക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നും, കൃത്യതയും വേഗതയും ഒരുപോലെ ഉറപ്പാക്കുന്ന സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നതെന്നും ക്രിമിനൽ അഫയേഴ്‌സ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരെബ് അൽ ശംസി വ്യക്തമാക്കി.

പുതിയ പരിശോധനാ രീതി അനുസരിച്ച് പരിക്കുകളുടെ വ്യാപ്തിക്കും സ്വഭാവത്തിനും അനുസരിച്ച് കേസുകളെ തരംതിരിക്കും. നിസ്സാര പരിക്കുകളുള്ള കേസുകളിൽ അനുബന്ധ ആശുപത്രികളിൽനിന്നുള്ള മെഡിക്കൽ രേഖകൾ പരിശോധിച്ച് നടപടികൾ വേഗത്തിലാക്കും. ഗുരുതരമായ പരിക്കുകളുള്ള കേസുകളിൽ രോഗികൾക്ക് വേഗത്തിൽ ഫോറൻസിക് പരിശോധനക്കുള്ള അപ്പോയിന്‍റ്മെന്‍റുകൾ നൽകും. ഇതോടെ ഫോറൻസിക് റിപ്പോർട്ടുകൾ കൃത്യസമയത്ത് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാൻ സാധിക്കുമെന്ന് ഫോറൻസിക് മെഡിസിൻ വിഭാഗം ഡയറക്ടർ ഡോ. യൂനിസ് അൽ ബലൂശി പറഞ്ഞു.

Tags:    
News Summary - Dubai Police introduce new forensic testing method to speed up investigations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.