നിസാര്‍ തളങ്കര (പ്രസി.), ശ്രീപ്രകാശ് പുരയത്ത് (ജന. സെക്ര).
ഷാര്‍ജ: വീറും വാശിയും നിറഞ്ഞ മത്സരത്തിനൊടുവില്‍ മതേതര മുന്നണിയെ തറപറ്റിച്ച് ജനാധിപത്യ മുന്നണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഭരണം സമ്മാനിച്ചത് 14 കൂട്ടായ്മകളുടെ ചിട്ടയായ പ്രവര്‍ത്തനം.
മുസ്ലിം ലീഗ് പോഷക സംഘടനയായ കെ.എം.സി.സിയുടെയും സി.പി.എം പോഷക സംഘടനയായ മാസിന്റെയും നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി കള്‍ചറല്‍ ഫോറം, യുവകലാ സാഹിതി, എന്‍.ആര്.ഐ ഫ്രണ്ട്സ് ഫോറം, ടീം ഇന്ത്യ, പ്രതീക്ഷ, മാക്, ഐ.എം.സി.സി, സമദര്‍ശിനി, ഇന്ത്യന്‍ എക്കോ, മഹസ്, മാസ്ക്കൊട്ട്, മാല്‍ക്ക തുടങ്ങിയവയുടെ സംയുക്ത സഹകരണത്തിലായിരുന്നു ജനാധിപത്യ മുന്നണിയുടെ പിറവി. മുന്നണി രൂപവത്കരണത്തിലും തുടര്‍പ്രവര്‍ത്തനങ്ങളിലും നേതൃത്വവും പ്രവര്‍ത്തകരും പരസ്പരവിശ്വാസത്തോടെ ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവെച്ചത് നേട്ടമായി.
ജനാധിപത്യമുന്നണിയുടെ ‘മാറ്റത്തിന് ഒരു വോട്ട്’ എന്ന സന്ദേശം വോട്ടര്‍മാര്‍ ഏറ്റെടുത്തതോടെ ചിരപരിചിതരായ മുഖങ്ങളെ മാറ്റി പുതുമുഖങ്ങള്‍ യു.എ.ഇയിലെ ഏറ്റവും പഴക്കംചെന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഭരണ സാരഥികളായി തിരഞ്ഞെടുക്കപ്പെട്ടു. ഏറെ അനിശ്ചിതത്വത്തിനൊടുവിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവാസലോകത്തും നാട്ടിലും വലിയ ആകാംക്ഷക്ക് വഴിവെച്ചിരുന്നു. ഷാർജ ഭരണാധികാരിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ സംഘടനയെന്ന നിലയിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഭരണസാരഥികളാവുകയെന്നത് പലരുടെയും സ്വപ്നം കൂടിയായിരുന്നു.അതുകൊണ്ടുതന്നെ ഇതിനായുള്ള വടംവലികളും രാഷ്ട്രീയ നീക്കുപോക്കുകളും ചർച്ചകളും ഏറെ സജീവമായി നടക്കുകയും ചെയ്തിരുന്നു.
ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും കൂട്ടായ്മകളും ഭൂരിപക്ഷവും
നിസാര്‍ തളങ്കര (പ്രസി. കെ.എം.സി.സി 43), പ്രദീപ് നെന്മാറ (വൈ. പ്രസി. മഹാത്മാ ഗാന്ധി കള്‍ചറല്‍ ഫോറം 91), ശ്രീപ്രകാശ് പുരയത്ത് (ജന. സെക്ര. മാസ് 170), ജിബി ബേബി (ജോ. ജന. സെക്ര. യുവകലാ സാഹിതി 318), ഷാജി ജോണ്‍ (ട്രഷ. എന്‍.ആര്.ഐ ഫ്രണ്ട്സ് ഫോറം 234), പി.കെ. റജി (ജോ. ട്രഷ. ടീം ഇന്ത്യ 130), ഹരിലാല്‍ എം. (ഓഡിറ്റര്‍ പ്രതീക്ഷ 254), അബ്ദുമനാഫ് (മാക്), എന്‍.പി. അനീഷ് (ഐ.എം.സി.സി), കെ.കെ. ത്വാലിബ് (മാസ്), മുഹമ്മദ് അബൂബക്കര്‍ (സമദര്‍ശിനി), ഇ. മുരളീധരന് (ഇന്ത്യന്‍ എക്കോ), പി.പി. പ്രഭാകരന് (മഹസ്) എന്നിവര്‍ ജനാധിപത്യ മുന്നണിയില്‍നിന്നും എ.വി. മധുസൂദനന് (പ്രിയദര്‍ശിനി) മതേതര മുന്നണിയില്‍ നിന്നും നിര്‍വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അമ്പേ തകര്‍ന്ന മതേതര മുന്നണിയുടെ ആശ്വാസ തുരുത്തായി വര്‍ഗീസ് ജോര്‍ജിനെതിരെ ഒരു വോട്ടിന് മധുസൂദനന്റെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.