ഷാർജ: തെരഞ്ഞെടുപ്പ് വൈകുന്നതിനെ തുടർന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ അഭിപ്രായവ്യത്യാസവും ഭിന്നതയും. കാലാവധി അവസാനിച്ച് ഏഴു മാസം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്താത്തതാണ് അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതക്കിടയാക്കിയത്. ഇതിൽ പ്രതിഷേധിച്ച് മുൻ പ്രസിഡന്റും മുതിർന്ന അംഗവുമായ കെ. ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ഭരണസമിതി അംഗത്വം രാജിവെച്ചിരുന്നു. അതേസമയം, പുതിയ മുന്നണി സമവാക്യങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഇദ്ദേഹത്തിന്റെ രാജിയെന്നും ഒരു വിഭാഗം പറയുന്നു. രാജിവെച്ചിട്ടില്ലെന്നും വ്യാജപ്രചാരണമാണെന്നും ചിലർ ആരോപിക്കുന്നുണ്ട്. എന്നാൽ, കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് രാജിവെച്ചതെന്ന് കെ. ബാലകൃഷ്ണൻ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
ഒരു വർഷമാണ് ഭരണസമിതിയുടെ കാലാവധി. 17 പേരാണ് അംഗങ്ങൾ. നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിച്ചിട്ട് ഏഴു മാസം കഴിഞ്ഞു. എന്നാൽ, ഇതുവരെ തെരഞ്ഞെടുപ്പ് നടത്താൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തീരുമാനമെടുത്തിട്ടില്ല. ഇതോടെ, ദൈനംദിന പ്രവർത്തനങ്ങൾക്കൊഴികെയുള്ള മറ്റ് എല്ലാ നിർദേശങ്ങൾക്കും മാനേജിങ് കമ്മിറ്റിയിൽ ഒബ്ജക്ഷൻ രേഖപ്പെടുത്താനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ പ്രധാന സ്ഥാനങ്ങൾ ആർക്കായിരിക്കണം എന്നതിൽ ഭരണമുന്നണിക്ക് ധാരണയിലെത്താൻ കഴിയാത്തതാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരിക്കാനുള്ള പ്രധാന കാരണമെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. എന്നാൽ, ഭരണഘടന ഭേദഗതി മുന്നിൽ നിൽക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നീണ്ടുപോകുന്നതെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്.
അതേസമയം, ഭരണഘടന ഭേദഗതിക്കെതിരെ ഒരുവിഭാഗം നേരത്തേ രംഗത്തെത്തിയിരുന്നു. ഷാർജ ഇന്ത്യൻ സ്കൂളിലെ ജീവനക്കാരുടെ ബന്ധുക്കളെ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്നതാണ് ഭേദഗതി. ഇതിനെതിരെ ‘ഒരുമ’ എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ച് ഒരുവിഭാഗം പ്രവർത്തിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിൽ ഭീഷണിയാകുന്നവരെ മാറ്റിനിർത്താനാണ് ഭേദഗതിയെന്നാണ് ഇവരുടെ ആരോപണം. എന്നാൽ, ബന്ധുനിയമനം ഒഴിവാക്കാനാണ് ഭേദഗതിയെന്നാണ് ഭരണ പക്ഷത്തിന്റെ ന്യായീകരണം. സ്കൂൾ ജീവനക്കാരുടെ അച്ഛൻ, അമ്മ, ഭർത്താവ്, മക്കൾ എന്നിവർക്ക് മത്സരിക്കാൻ കഴിയില്ലെന്നാണ് ഭേദഗതിയിൽ പറയുന്നത്. ഇതോടെ 120ഓളം പേർക്ക് മത്സരിക്കാൻ കഴിയാത്ത അവസ്ഥ വരും. ഇവരിൽ 10 പേരെങ്കിലും വരും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിനിൽക്കുന്നവരാണ്.
മുതിർന്ന അംഗമായ കെ. ബാലകൃഷ്ണൻ ഭരണസമിതി അംഗത്വം രാജിവെച്ചുവെന്നത് നാട്ടുകാർ പറഞ്ഞ അറിവ് മാത്രമേ ഉള്ളൂവെന്നും അദ്ദേഹത്തിന്റെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്നും പ്രസിഡന്റ് വൈ.എ. റഹിം പറഞ്ഞു. ‘‘രാജിവെച്ച് പോകാൻ ഇത് പാർലമെന്റോ അസംബ്ലിയോ അല്ല. വായനശാല പോലെ ചെറിയ ഒരു അസോസിയേഷൻ മാത്രമാണ്. ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോൾ ഇലക്ഷൻ നടത്തും. 12,00 ഓളം ജീവനക്കാർ കഞ്ഞികുടിച്ചുപോകുന്നത് അസോസിഷേൻ കൊണ്ടാണ്. 17 അംഗങ്ങളിൽ ഒരാൾ രാജിവെച്ചാലും വലിയ പ്രശ്നമല്ല. പക്ഷേ, രാജി എന്റെ കൈയിൽ കിട്ടിയിട്ടില്ല. വൃത്തികെട്ട രാഷ്ട്രീയം കൊണ്ട് ഇതിനെ നശിപ്പിക്കാൻ സമ്മതിക്കില്ല. കേരളത്തിലെ വൃത്തികെട്ട രാഷ്ട്രീയ കളി ഇവിടെ ചിലർ കളിച്ചതു മൂലം മൂന്നു തവണ അസോസിയേഷൻ അടച്ചു പോയതാണ്. ഇനിയും അടപ്പിക്കാനാണ് ചിലരുടെ ശ്രമം’’- വൈ.എ. റഹിം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.