ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ് നടപടികൾ വീണ്ടും വിവാദത്തിൽ

റിട്ടേണിങ് ഓഫിസർ നോമിനേഷൻ തള്ളിയ രണ്ട് പേരെ ഉൾപ്പെടുത്തി സ്ഥാനാർഥി പട്ടിക പരിഷ്കരിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ് നടപടികൾ വീണ്ടും വിവാദത്തിൽ. റിട്ടേണിങ് ഓഫിസർ നാമനിർദേശ പത്രിക തള്ളിയ രണ്ട് പേരെ ഉൾപ്പെടുത്തി സ്ഥാനാർഥി പട്ടിക പരിഷ്കരിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന അധികൃതരുടെ നിർദേശപ്രകാരമാണ് പത്രിക തള്ളിയവരെ ഉൾപ്പെടുത്തിയതെന്നും തീരുമാനം തന്‍റേതല്ലെന്നും റിട്ടേണിങ് ഓഫിസർ പ്രതികരിച്ചു.

കഴിഞ്ഞമാസം 25നാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. നാമനിർദേശ പത്രികയിലെ അപാകത മൂലം അന്ന് നോമിനേഷൻ തള്ളിയ എട്ട് പേരിൽ രണ്ടുപേർ വീണ്ടും പട്ടികയിൽ കയറിക്കൂടിയതാണ് ഇപ്പോഴത്തെ വിവാദം.

നാട്ടിലെ മുന്നണി സമവാക്യങ്ങൾക്ക് വിരുദ്ധമായി ലീഗ്-ഇടത് പ്രവാസി സംഘടനകൾ ഒന്നിച്ച് ചേർന്ന്​ മത്സരിക്കുന്ന ജനാധിപത്യ മുന്നണിയുടെ കെ.കെ. താലിബ്, റെജി ചാക്കോ എന്നിവരുടെ പേരുകളാണ് നിശ്ചിത സമയത്തിന് ശേഷവും പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാലിത്, തന്‍റെ തീരുമാനമല്ലെന്ന് റിട്ടേണിങ് ഓഫീസർ പോൾ ടി. ജോസഫ് പറഞ്ഞു. റിട്ടേണിങ് ഓഫിസറുടെ തീരുമാനത്തെ മറികടക്കാൻ നിലവിലെ ഭരണസമിതി തെരഞ്ഞെടുപ്പിനെ വീണ്ടും ഷാർജ അധികൃതരുടെ മുന്നിലേക്ക് വലിച്ചിഴക്കുകയാണെന്ന് കോൺഗ്രസ് അനുകൂല മതേതര മുന്നണിയുടെ നേതാക്കൾ ആരോപിച്ചു.

മേയ് 17ന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പിന്നീട് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സെപ്റ്റംബർ ആറിലേക്ക് മാറ്റിയതാണ്. സ്ഥാനാർഥി പട്ടികയെ ചൊല്ലിയുള്ള വിവാദം വീണ്ടും തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമോ എന്ന ആശങ്ക അസോസിയേഷൻ അംഗങ്ങൾക്കിടയിലുണ്ട്.

Tags:    
News Summary - Sharjah Indian Association election controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.