948 തൊഴിലാളികള്‍ക്ക് 78 ലക്ഷം ദിര്‍ഹത്തിലേറെ കുടിശ്ശിക അനുവദിച്ച് ലേബര്‍ കോടതി
അബൂദബി: എമിറേറ്റില്‍ മൂന്ന് മാസത്തിനിടെ 948 തൊഴിലാളികള്‍ക്കായി 78,11,933 ദിര്‍ഹത്തിന്റെ സാമ്പത്തിക തൊഴില്‍ കുടിശ്ശിക വീണ്ടെടുത്തു നല്‍കി ലേബര്‍ കോടതി. എമിറേറ്റിലെ തൊഴില്‍ സ്ഥിരത ഉറപ്പാക്കാനും തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.
ആകെ 1.23 കോടി ദിര്‍ഹത്തിന്റെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ ഇടപെടലുണ്ടായത്. കോടതിയുടെയും യു.എ.ഇ മാനവ വിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെയും കേസുകളിലെ കക്ഷികളുടെയും സംയുക്ത ശ്രമങ്ങളിലൂടെ ജുഡീഷ്യല്‍ നിക്ഷേപങ്ങള്‍ വഴിയും ഒത്തുതീര്‍പ്പുകളിലൂടെയുമാണ് തുക ശേഖരിച്ചത്.
ഒത്തുതീര്‍പ്പിന്റെ ഭാഗമായി 457 തൊഴിലാളികള്‍ക്ക് അവരുടെ അര്‍ഹമായ തുക പൂര്‍ണമായും 491 പേര്‍ക്ക് ഭാഗികമായും ലഭിച്ചു.
ബാക്കി തുക കൃത്യമായ ഗഡുക്കളായി നല്‍കാന്‍ പ്ലാനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പണം ലഭ്യമാക്കുന്നതിനൊപ്പം ബന്ധപ്പെട്ട കമ്പനികളില്‍ തൊഴിലാളികള്‍ക്ക് ജോലി നിലനിര്‍ത്താനും ഈ ഒത്തുതീര്‍പ്പ് സംവിധാനം സഹായിച്ചു. ഇത് സ്ഥിരതയുള്ള തൊഴില്‍ ബന്ധങ്ങള്‍ വളര്‍ത്താനും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണക്കാനും ബിസിനസ് തുടര്‍ച്ച ഉറപ്പാക്കാനും സഹായകമായി.
2026ന്റെ ആദ്യ പകുതിയില്‍ മാനവ വിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം 98.6 ശതമാനം തൊഴില്‍ തര്‍ക്കങ്ങളും സൗഹൃദപരമായി പരിഹരിച്ചു. മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,85,793 തൊഴില്‍ തര്‍ക്കങ്ങളാണ് തര്‍ക്ക പരിഹാര സംവിധാനത്തിലൂടെ പരിഹരിച്ചത്. ആകെ കേസുകളുടെ 1.4 ശതമാനം വരുന്ന 2,481 കേസുകള്‍ മാത്രമാണ് തുടര്‍നടപടികള്‍ക്കായി കോടതിയിലേക്ക് റഫര്‍ ചെയ്തത്.
50,000 ദിര്‍ഹം വരെയുള്ള അവകാശവാദങ്ങള്‍ ഉള്‍പ്പെടുന്ന തൊഴില്‍ തര്‍ക്കങ്ങളില്‍ നേരിട്ട് വിധി കല്‍പ്പിക്കാന്‍ മൊഹ്‌റേയ്ക്ക് നല്‍കിയിട്ടുള്ള അധികാരമാണ് ഈ ഉയര്‍ന്ന പരിഹാര നിരക്കിന് പ്രധാന കാരണം. ഈ പുരോഗമനപരമായ നടപടി, തര്‍ക്ക പരിഹാര പ്രക്രിയ വേഗത്തിലാക്കാനും പ്രാദേശിക കോടതികളിലെ ജോലിഭാരം ഗണ്യമായി കുറക്കാനും പരാതിക്കാര്‍ക്ക് അവരുടെ നിയമപരമായ അവകാശങ്ങള്‍ വളരെ വേഗത്തില്‍ ലഭിക്കാനും സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.