ശൈഖ് അഹമ്മദിന്‍റെ മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് സബീൽ ഗ്രാൻഡ് മോസ്‌കിൽ
ദുബൈ: അന്തരിച്ച ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്ക് ദുബൈ സബീൽ ഗ്രാൻഡ് മോസ്‌കിൽ നടക്കുമെന്ന് ദുബൈ ഗവൺമെന്‍റ് മീഡിയ ഓഫീസ് അറിയിച്ചു.
പരേതന്റെ വേർപാടിലുള്ള അനുശോചനങ്ങൾ സ്വീകരിക്കുന്നതിനായി ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് സബീൽ മജ്‌ലിസിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം നാലുമണി മുതൽ മഗ്‌രിബ് നമസ്‌കാരം വരെയായിരിക്കും അനുശോചനങ്ങൾ സ്വീകരിക്കുക.
തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ളുഹർ നമസ്‌കാരം വരെയും, വൈകുന്നേരം അസർ നമസ്‌കാരത്തിന് ശേഷം മഗ്‌രിബ് നമസ്‌കാരം വരെയുമായിരിക്കും അനുശോചനം അറിയിക്കാനുള്ള സമയം.
അനുശോചിച്ച് യു.എ.ഇ ഭരണനേതാക്കൾ
ദുബൈ: ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്‍റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് യു.എ.ഇ ഭരണനേതാക്കളും പ്രമുഖരും.
ശൈഖ് അഹമ്മദിന്റെ നിര്യാണത്തിൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അനുശോചിച്ചു. യു.എ.ഇ രൂപീകൃതമായത് മുതൽ രാജ്യത്തിന്‍റെ പുരോഗതിക്കും വികസനത്തിനും ശൈഖ് അഹമ്മദ് നൽകിയ ദീർഘകാല സംഭാവനകൾ എക്കാലവും രാജ്യത്തിന് പ്രചോദനമായി നിലനിൽക്കുമെന്ന് അദ്ദേഹം തന്‍റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
‘ഞങ്ങളുടെ കണ്ണുകളിൽ നിന്ന് മറഞ്ഞെങ്കിലും ഞങ്ങളുടെ പ്രാർഥനകളിൽ നിന്നും ഹൃദയങ്ങളിൽ നിന്നും താങ്കൾ ഒരിക്കലും മാഞ്ഞുപോകില്ല’ എന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സഹോദരനെ അനുസ്മരിച്ചുകൊണ്ട് വികാരാധീനനായി കുറിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിര്യാണത്തിൽ അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
‘അദ്ദേഹത്തിന് അല്ലാഹു അനന്തമായ കരുണയും പൊറുക്കലും നൽകി അനുഗ്രഹിക്കട്ടെ. ഞങ്ങൾക്കെല്ലാം ഏറെ പ്രിയപ്പെട്ട വ്യക്തിയുടെ വേർപാടിൽ ആദരണീയരായ ആൽ മക്തൂം കുടുംബത്തിന് എന്‍റെ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു’ -എന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കുടുംബത്തിലെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടമായതെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അനുസ്മരിച്ചു. ശൈഖ് അഹമ്മദ് എന്നും ജനങ്ങളുടെ ഹൃദയങ്ങളിലും പ്രാർഥനകളിലും ജീവിക്കും. ഈ ദുഃഖവേളയിൽ ആൽ മക്തൂം കുടുംബത്തിനും രാജ്യത്തിലെ ജനങ്ങൾക്കും ആശ്വാസവും സമാധാനവും ലഭിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ ഭരണാധികാരികൾക്ക് വലിയ പിന്തുണ നൽകുകയും യു.എ.ഇ സായുധ സേനയുടെ രൂപീകരണത്തിൽ വലിയ പങ്കുവഹിക്കുകയും ചെയ്ത വ്യക്തിയാണ് ശൈഖ് അഹമ്മദ് ബിൻ റാശിദെന്ന് ദുബൈ ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. ദുബൈയിലെ ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു, അദ്ദേഹം ജനങ്ങളെയും സ്നേഹിച്ചു. അദ്ദേഹത്തെ അറിയാവുന്ന ഏവരുടെയും ഹൃദയങ്ങളിൽ ആ സുഗന്ധപൂരിതമായ ഓർമകൾ എക്കാലവും നിലനിൽക്കുമെന്നും ശൈഖ് മക്തൂം കുറിച്ചു.
യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ നാഷനൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരി തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും അനുശോചനം അറിയിച്ചു.
ജി.സി.സി രാജ്യങ്ങൾ ഉൾപ്പെടെ വിവിധ രാഷ്ട്രത്തലവന്മാരും ശൈഖ് അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.