ഷാർജ: യു.എ.ഇയിലെ രാജ്യാന്തര മേളകളുടെ കേന്ദ്രമായ ഷാർജ എക്സ്പോ സെന്ററിന്റെ ഈ വർഷത്തെ ഇവന്റ് കലണ്ടർ പ്രഖ്യാപിച്ചു. 49 പരിപാടികളാണ് ഈ വർഷം ഇവിടെ നടക്കുന്നത്. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വ്യവസായ മേളയായ ‘ഗൾഫ് മാധ്യമം’ കമോൺ കേരള ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മേളകളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
മേയ് 19 മുതൽ 21 വരെയാണ് ‘കമോൺ കേരള’. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ ഒന്നുമുതൽ 12 വരെ നടക്കും. കുട്ടികളുടെ വായനോത്സവം ഏപ്രിൽ 26 മുതൽ മേയ് ഏഴുവരെയാണ്. ഇന്റർനാഷനൽ എജുക്കേഷൻ ഷോ ഒക്ടോബർ 11 മുതൽ 14 വരെ അരങ്ങേറും. കഴിഞ്ഞ വർഷം വിദ്യാഭ്യാസ മേളയിലെ ഇന്ത്യൻ പവിലിയന്റെ ചുമതല ‘ഗൾഫ് മാധ്യമ’ത്തിനായിരുന്നു. എജുകഫേ എട്ടാം സീസണും അരങ്ങേറിയത് ഈ മേളക്കൊപ്പമായിരുന്നു.
കഴിഞ്ഞ വർഷം ഷാർജ എക്സ്പോ സെന്ററിൽ 40 പരിപാടികളാണ് നടന്നത്. ഇക്കുറി പരിപാടികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫോട്ടോഗ്രഫി എക്സിബിഷനായ ‘എക്സ്പോഷർ’ ആണ് അടുത്തതായി അരങ്ങേറുന്ന മേള. ഫെബ്രുവരി ഒമ്പതിനാണ് എക്സ്പോഷർ തുടങ്ങുന്നത്.
സ്റ്റീൽ ഫാബ്, റമദാൻ നൈറ്റ്സ്, വാച്ച് ആൻഡ് ജ്വല്ലറി ഷോ, സ്കൂൾ ഷോ, സമ്മർ സെയിൽ, നാഷനൽ കരിയർ എക്സിബിഷൻ, ബിഗ് ഷോപ്പർ സെയിൽ തുടങ്ങിയവയാണ് ഈ വർഷം നടക്കുന്ന മറ്റ് പ്രധാന പരിപാടികൾ. ആദ്യമായി സംഘടിപ്പിക്കുന്ന എട്ട് എക്സിബിഷനുകളും കോൺഫറൻസുകളും ഇത്തവണ നടക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള സംഘാടകർക്കും സന്ദർശകർക്കും ലോകോത്തര സൗകര്യങ്ങളും നൂതന സാങ്കേതിക വിദ്യകളും ഉയർന്ന നിലവാരമുള്ള സേവനങ്ങളും ലഭ്യമാക്കുമെന്ന് എക്സ്പോ സെന്റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽമിദ്ഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.