ആദ്യ ഒമ്പതുമാസത്തിൽ 1,029 കോടി ദിർഹം ലാഭവുമായി എ.ഡി.സി.ബി

അബൂദബി: അബൂദബി കൊമേഴ്‌സ്യൽ ബാങ്ക് (എ.ഡി.സി.ബി) 2026 സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1,029.6 കോടി ദിർഹം അറ്റാദായം നേടി. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 27 ശതമാനത്തിന്‍റെ വൻ വർധനവാണിത്. നികുതിക്ക് മുമ്പുള്ള ബാങ്കിന്‍റെ ലാഭം 28 ശതമാനം ഉയർന്ന് 1,167 കോടി ദിർഹമിലെത്തി. 2026ന്‍റെ മൂന്നാം പാദത്തിൽ മാത്രം നികുതിക്ക് മുമ്പുള്ള ലാഭം 406.3 കോടി ദിർഹമായി രേഖപ്പെടുത്തി. ബാങ്കിന്‍റെ ചരിത്രത്തിൽ തുടർച്ചയായി ലാഭവർധനവ് രേഖപ്പെടുത്തുന്ന 21-ാമത്തെ പാദമാണിത്. ഈ പാദത്തിലെ നികുതിക്ക് ശേഷമുള്ള അറ്റാദായം 15 ശതമാനം വർധിച്ച് 355.9 കോടി ദിർഹമായി മാറിയിട്ടുണ്ട്.

ആദ്യ ഒമ്പത് മാസങ്ങളിലെ ആകെ പ്രവർത്തന വരുമാനം 10 ശതമാനം വർധിച്ച് 1,830.6 കോടി ദിർഹമായി. ഇതിൽ പലിശയിനത്തിലല്ലാത്ത വരുമാനം 21 ശതമാനം വർധിച്ച് 696.4 കോടി ദിർഹമിലെത്തി. ഇത് ആകെ പ്രവർത്തന വരുമാനത്തിന്‍റെ 38 ശതമാനത്തോളമാണ്. ബാങ്കിന്‍റെ ബാധ്യതകളും വരുമാനവും തമ്മിലുള്ള അനുപാതവും മെച്ചപ്പെട്ടിട്ടുണ്ട്.

ബാങ്കിന്‍റെ ആകെ ആസ്തി 20 ശതമാനം വർധിച്ച് 89000 കോടി ദിർഹമിൽ എത്തി. ഉപഭോക്താക്കൾക്ക് നൽകിയ വായ്പകൾ 4,690 കോടി ദിർഹമായി ഉയർന്നു. ഉപഭോക്തൃ നിക്ഷേപങ്ങളിൽ 16 ശതമാനം വർധനവുണ്ടാവുകയും അത് 5,580 കോടി ദിർഹമിലെത്തുകയും ചെയ്തു. ശക്തമായ വിപണി സാന്നിധ്യവും കൃത്യമായ ആസൂത്രണവുമാണ് നേട്ടത്തിന് പിന്നിലെന്ന് എ.ഡി.സി.ബി ഗ്രൂപ്പ് സി.ഇ.ഒ അലാ ഇറെഖാത് വ്യക്തമാക്കി.

Tags:    
News Summary - ADCB posts profit of Dh1,029 million in first nine months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.