ഷാർജ: സ്വദേശ-വിദേശ എഴുത്തുകാർക്ക് പ്രോത്സാഹനം നൽകാൻ ഷാർജ രാജ്യാന്തര പുസ്തകമേള വർഷന്തോറും നൽകുന്ന അവാർഡിന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) അറിയിച്ചു. ആഗസ്റ്റ് അവസാനം വരെ എൻട്രികൾ സ്വീകരിക്കും.
മികച്ച വിവർത്തനം, ഇമാറാത്തി പുസ്തകം, അറബി നോവൽ, മികച്ച അന്താരാഷ്ട്ര പുസ്തകം, പ്രസാധക അംഗീകാര അവാർഡ് എന്നിവയുൾപ്പെടെ അഞ്ച് വ്യത്യസ്ത അവാർഡുകളിലൂടെയാണ് പ്രാദേശിക, വിദേശ സാഹിത്യത്തിലെ മികവിനെ എസ്.ബി.എ ആദരിക്കുന്നതെന്ന് ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. മികച്ച അറബിനോവലിന് ഒന്നര ലക്ഷം ദിർഹമാണ് പുരസ്കാരം.
സ്റ്റാൻഡേഡ് അറബി ഭാഷയിൽ എഴുതിയതും രണ്ട് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ചതുമായ നോവലുകൾ പുതുക്കിയ പതിപ്പുകളല്ലെങ്കിൽ അവാർഡിന് സമർപ്പിക്കാം. ചെറുകഥാ സമാഹാരത്തിന് അവാർഡിന് അർഹതയില്ല. ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങൾക്കുള്ള മികച്ച അന്താരാഷ്ട്ര പുസ്തക അവാർഡിന് 50,000 ദിർഹം വീതം സമ്മാനിക്കും. വിവിധ സംസ്കാരങ്ങൾക്കിടയിൽ പാലങ്ങൾ നിർമിക്കുകയും അറബ് വായനക്കാർക്ക് ഇതര ഭാഷാ പുസ്‌തകങ്ങൾ പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം. ഈ രണ്ട് വിഭാഗങ്ങളിലെയും പുസ്തകങ്ങൾ രണ്ട് വർഷത്തിനകം പ്രസിദ്ധീകരിക്കണം.
രണ്ട് വിഭാഗത്തിലെയും എഴുത്തുകാർ രണ്ട് വർഷത്തിനിടയിൽ ഷാർജ അന്താരാഷ്ട്ര പുസ്തകത്തിന് അവാർഡ് നേടരുത്. മികച്ച പ്രാദേശിക പ്രസാധകർ, അറബ് പ്രസാധകർ, അന്താരാഷ്ട്ര പ്രസാധകർ എന്നിവർക്ക് 75,000 ദിർഹം തുല്യമായി വീതിക്കും. പ്രസാധകരെ അംഗീകരിക്കാനും ബഹുമാനിക്കാനും അവരുടെ പ്രസിദ്ധീകരണ മേഖലയെ പിന്തുണക്കാനുമാണ് പുരസ്കാരം വഴി ലക്ഷ്യമിടുന്നത്.
പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന പബ്ലിഷിങ് ഹൗസുകൾക്ക് ഈ അവാർഡിന് അപേക്ഷിക്കാൻ അർഹതയുണ്ട്. പ്രസാധകർ അതത് രാജ്യത്തെ പ്രസാധക അസോസിയേഷനിൽ അംഗമാകണം കൂടാതെ അവാർഡിെൻറ അതേ വർഷം കുറഞ്ഞത് 10 പുസ്തകങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം. അറബ് എഴുത്തുകാരെയും പുസ്തകങ്ങളെയും ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്ന വിവർത്തന പുരസ്കാരത്തിന് 13 ലക്ഷം ദിർഹമാണ് നൽകുന്നത്.
ആശയവിനിമയം വർധിപ്പിക്കുകയാണ് അവാർഡിെൻറ പ്രധാന ദൗത്യമെന്ന് എസ്.ബി.എ പറഞ്ഞു.അന്താരാഷ്ട്ര പ്രസാധക സ്ഥാപനങ്ങൾക്കും വിവർത്തന പുരസ്കാരത്തിന് പുസ്തകങ്ങൾ സമർപ്പിക്കാം. ജൂറിയുടെ പരിഗണനക്കായി പ്രസാധകർക്ക് ഒന്നിലധികം സൃഷ്ടികൾ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷാ ഫോറങ്ങൾ എസ്.ഐ.ബി.എഫ് വെബ്സൈറ്റിൽ (https://bit.ly/2THvuRb) ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.