ഷാര്‍ജ: കണ്ണൂര്‍ ചിറക്കല്‍കുളം സ്വദേശിയും ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ വിഭാഗത്തിലെ ഫോട്ടോഗ്രഫറുമായ പുലവര്‍ മുഹമ്മദിെൻറ പ്രവാസ ജീവിതം ഏറെ വ്യത്യസ്തമാണ്. 40 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ 31 വര്‍ഷമാണ് മുഹമ്മദ് ഷാര്‍ജ പൊലീസിനായി കാമറ ചലിപ്പിച്ചത്, അതാകട്ടെ അതിദാരുണമായ മരണപ്പെട്ടവര്‍ക്കും തൂങ്ങി മരിച്ചവര്‍ക്കും കൊല്ലപ്പെട്ടവര്‍ക്കും വേണ്ടിയായിരുന്നു. മരണപ്പെട്ടവരുടെ മഹസറുകള്‍ തയ്യാറാക്കാന്‍ പല നിലയിലുള്ള ഫോട്ടോകള്‍ പൊലീസിന് നിര്‍ബന്ധമാണ്. കേസിന് തീര്‍പ്പാകുന്നത് വരെ അതിന് ഏറെ പ്രാധാന്യവുമുണ്ട്. ദാരുണമായി മരിക്കുന്നവരിലേറെയും വിസ മാഫിയകളുടെ ചതിയില്‍പ്പെട്ടവരായിരിക്കും. വന്‍ തുക കൈക്കലാക്കി സന്ദര്‍ശക വിസ നല്‍കി എജൻറുമാര്‍ ഇവിടെ എത്തിക്കും. അതിന് ശേഷം ഏജൻറ് മുങ്ങും.
കിടക്കാനും കഴിക്കാനും വഴിയില്ലാതെ അലയുന്ന ഇവര്‍ തൊഴില്‍ ചൂഷകരുടെ വലയില്‍പ്പെടും. അനധികൃതമായി ജോലി ചെയ്യുന്നവരായത് കൊണ്ട് കേസിനൊന്നും പോകില്ല എന്ന് കൃത്യമായി അറിയുന്ന ചൂഷകര്‍ ഇവരെ അമിതമായി പണിയെടുപ്പിച്ച് കൂലി കൊടുക്കാതെ മുങ്ങും. ഒടുവില്‍ വഴികളെല്ലാം അടയുന്നിടത്ത് ഇരകള്‍ മരണം വരിക്കും. പലവഴികളാണ് പ്രവാസ മരണത്തിന്, ഊട് വഴികളിലാണ് ഇത് കൂടുതലും സംഭവിക്കുക. വിജനമായ പ്രദേശത്തും ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും ആളില്ലാത്ത തോട്ടങ്ങളിലും മരണത്തെ പൂകുന്ന ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത് ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും. അപ്പോഴേക്കും എല്ലില്‍ നിന്ന് മാംസം വേറിട്ടിരിക്കും, കുടല്‍മാലകള്‍ പുറത്തേക്ക് ഞാണിരിക്കും.
വിവരം അറിഞ്ഞെത്തുന്ന പൊലീസ് സംഘം ആദ്യം മൃതദേങ്ങളുടെ ഫോേട്ടാകള്‍ എടുക്കും. ഷാര്‍ജയില്‍ ഇത്തരം ദുരൂഹ മരണങ്ങളുടെ ഫോട്ടോകള്‍ എടുക്കുന്ന ദൗത്യമായിരുന്നു മുഹമ്മദിന്. മരിച്ചവരുടെ ആല്‍ബം സൂക്ഷിക്കുന്ന ലോകത്തിലെ വിരലിലെണ്ണാവുന്നവരില്‍ ഒരാള്‍. ആദ്യ കാലത്തൊക്കെ മൃതദേഹങ്ങളുടെ ഫോട്ടോയെടുക്കാന്‍ പോയാല്‍ ഭക്ഷണം കഴിക്കാനാവാറില്ല. ചീഞ്ഞളിഞ്ഞ മൃതദേഹത്തിെൻറ അടര്‍ന്ന് തൂങ്ങിയ കണ്ണിലെ കിനാവുകള്‍ മനസിലേക്ക് ഓടിയത്തെും. അയാളെ കാത്തിരിക്കുന്ന കുടുംബം മനസിൽ വേദനയായി നിറയും. പിന്നെ പിന്നെ മൃതദേഹങ്ങള്‍ കണ്ടാല്‍ പിടിച്ച് നില്‍ക്കാന്‍ മനസ് പാകപ്പെട്ടു. ഫോറന്‍സിക് വിഭാഗത്തിലേക്ക് ചീഞ്ഞളിഞ്ഞ മൃതദേഹത്തോടൊപ്പം നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട് മുഹമ്മദ്.
ഷാര്‍ജയിലെ സേവനത്തിനിടയില്‍ ദുരൂഹമായി മരണപ്പെടുന്നവരില്‍ ഏറെയും ആന്ധ്രക്കാരും വടക്കേ ഇന്ത്യക്കാരുമാണെന്നാണ് മുഹമ്മദ് പറയുന്നത്. ഇവരാണ് വിസ തട്ടിപ്പുകാരുടെ ചതിയില്‍ അകപ്പെടുന്നവരിലധികവും. വിദ്യഭ്യാസത്തിെൻറ കുറവ് തന്നെയാണ് ചതിക്കപ്പെടാന്‍ കാരണം. ലുഫ്താന്‍സ ചരക്ക് വിമാനത്തില്‍ നിന്ന് ഷാര്‍ജയിലെ ബറാഷി മരുഭൂമിയില്‍ വീണ പാകിസ്താനിയുടെ മൃതദേഹം ഇന്നും മനസിലുണ്ട്. വീണിടത്ത് വലിയൊരു കൂഴി രൂപപ്പെട്ടിരുന്നു. ഇവിടെ നിന്ന് പത്തടി ദൂരത്താണ് മൃതദേഹം തെറിച്ച് വീണ് കിടന്നിരുന്നത്. ആട്ടിടയന്‍മാരാണ് ചോരയില്‍ കുളിച്ച് കിടന്നിരുന്ന മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് പൊലീസ് സംഘത്തോടൊപ്പം മുഹമ്മദും കാമറയുമായെത്തി. മരിച്ചയാള്‍ വിലകൂടിയ വസ്ത്രങ്ങളും ഷൂസും അണിഞ്ഞിരുന്നു.
പാസ്പോര്‍ട്ട് കീശയില്‍ തന്നെ ഉണ്ടായിരുന്നു, ഇതാണ് ആളെ തിരിച്ചറിയല്‍ എളുപ്പമാക്കിയത്. തായ്ലൻറ് വഴി മലേഷ്യയിലെ പെനാങിലേക്ക് യാത്ര ചെയ്തതിെൻറ വിവരങ്ങള്‍ പാസ്പോര്‍ട്ടിലുണ്ടായിരുന്നുവെങ്കിലും ഷാര്ജയിലെത്തിയതിെൻറ യാതൊരു വിവരവും പാസ്പോര്‍ട്ടിലോ, വിമാനതാവളത്തിലെ യാത്രക്കാരുടെ പട്ടികയിലോ കാണാനാവാത്തത് അനധികൃതരെ കുഴക്കി. എന്നാല്‍ അന്ന് രാത്രി ഷാര്‍ജ വിമാനതാവളത്തിന്‍െറ കേന്ദ്ര ഓഫിസിലേക്ക് ജര്‍മനിയില്‍ നിന്നൊരു വിളിയെത്തി. ഷാര്‍ജയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയ ലുഫ്താന്‍സ വിമാനത്തില്‍ നിന്ന് റണ്‍വേയില്‍ ഒരു ശവം വീണിട്ടുണ്ടെന്നത് അറിയിച്ചായിരുന്നു ആ വിളി. എന്നാല്‍ അത്തരത്തിലൊരാള്‍ ഷാര്‍ജയില്‍ നിന്ന് യാത്ര ചെയ്തിട്ടില്ല എന്ന വിവരം അധികൃതര്‍ കൈമാറി. ദുരൂഹത നീങ്ങാന്‍ ജര്‍മന്‍ വിമാനതാവള അതോറിറ്റി വിമാനം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോൾ വീല്‍ കംപാര്‍ട്ട്മെൻറില്‍ മാംസവും രക്തവും കട്ടപിടിച്ച് കിടക്കുന്നത് കണ്ടു. ജര്‍മനിയിലേക്ക് അനധികൃതമായി കടക്കാന്‍ വിമാനത്തിെൻറ വീല്‍ കംപാര്‍ട്ട്മെൻറില്‍ കയറി കൂടുകയായിരുന്നു പാകിസ്താനികള്‍. പെനാങ് വിമാനതാവളത്തില്‍ നുഴഞ്ഞ് കയറാനുള്ള പഴുത് പാകിസ്താനികള്‍ മനസിലാക്കുകയും അത് പരീക്ഷിക്കുകയുമായിരുന്നു. എന്നാല്‍ നാല് ടയറുകളുള്ള ചരക്ക് വിമാനത്തിെൻറ ചക്രങ്ങൾക്ക് ഇടയില്‍പ്പെട്ട് ഇവര്‍ ചതഞ്ഞരഞ്ഞു.
ഷാര്‍ജയില്‍ ഇറങ്ങാന്‍ നേരം വിമാനം ടയറുകള്‍ നിവര്‍ത്തിയപ്പോള്‍ ഇവര്‍ മരുഭൂമിയില്‍ വീഴുകയായിരുന്നു. പുലവർ എന്നാൽ കവി എന്നാണ് അർത്ഥം. മുഹമ്മദിെൻറ പൂര്‍വികര്‍ അറിയപ്പെടുന്ന കവികളായിരുന്നു. പാലക്കാട്ടുക്കാരായിരുന്നുവെങ്കിലും തായ്മൊഴി തമിഴായിരുന്നു. പറഞ്ഞാല്‍ തീരാത്ത കഥകളാണ് മുഹമ്മദിെൻറ പൊലീസ് ജീവിതത്തിലുള്ളത്. വലിയ യാത്രയയപ്പാണ് പൊലീസ് മുഹമ്മദിന് നല്‍കിയത്. ദൈദിലെ മനോഹരമായ തോട്ടത്തിലെ വീട്ടില്‍ കുറച്ച് മാസങ്ങള്‍ കൂടി മുഹമ്മദ് ഉണ്ടാകും. സേവനകാലം കഴിഞ്ഞെങ്കിലും വിസ ബാക്കിയുണ്ട്. അതിവിടെ തന്നെ ചിലവഴിക്കാനാണ് പരിപാടി. മേലധികാരികള്‍ക്ക് അതില്‍ പരാതിയുമില്ല. ഭാര്യ കെ.കെ. ആമിന കൂടെയുണ്ട്. മക്കളില്‍ മുഹമ്മദ് നിയാസ് പ്രവാസിയാണ്. സബീനയും സക്കിയയും നാട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.