ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോയുടെ സംരംഭമായ ഖോർഫക്കാൻ ആംഫി തിയേറ്ററും ലോകത്തിലെ മുൻനിര റേസുകളുടെ ബ്രാൻഡായ സ്പാർട്ടനും വീണ്ടും സ്പാർട്ടൻ ഖോർഫക്കാൻ റേസ് 2024ന് ആതിഥേയത്വം വഹിക്കാൻ ഒന്നിക്കുന്നു. ജനുവരി 20 ശനിയാഴ്ചയാണ് റേസിന്റെ അടുത്ത പതിപ്പ് നടക്കുകയെന്ന് അധികൃതർ അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളും 3,500ലധികം കാണികളും പങ്കെടുത്ത ഈ വർഷത്തെ റേസിന്റെ വിജയത്തെ തുടർന്നാണ് സ്പാർട്ടൻ ഖോർഫക്കാൻ 2024ന്റെ രണ്ടാം പതിപ്പ്. ഖോർഫക്കാനിലെ ഉയർന്ന മലനിരകളും അതിമനോഹരമായ ബീച്ചുകളും ജലാശയങ്ങളും വെല്ലുവിളി നിറഞ്ഞതും ആവേശകരവുമായ മത്സരങ്ങൾക്ക് അനുയോജ്യമായി മാറുന്നതിനാൽ, കായിക വിനോദത്തെ പ്രകൃതിയുടെ സൗന്ദര്യവുമായി സമന്വയിപ്പിക്കുന്നു.
സ്പാർട്ടൻ ഖോർഫക്കൻ 2024 ആഘോഷിക്കുന്നതിനായി, പ്രാദേശിക- ആഗോളതലത്തിലുമുള്ള ഏറ്റവും വലിയ സഹിഷ്ണുത കായിക ആരാധകരെ ആകർഷിക്കാൻ ഞങ്ങൾ വീണ്ടും ശ്രമിക്കുകയാണെന്ന് ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ ഡയറക്ടർ ജനറൽ താരിഖ് സഈദ് അലയ് പറഞ്ഞു.
ഈ മഹത്തായ കായിക മാമാങ്കത്തിന്റെ ഭാഗമാകാൻ ഞങ്ങൾ എല്ലാവരേയും ക്ഷണിക്കുന്നു. മനോഹര തീരദേശ നഗരമായ ഖോർഫക്കാനെ പരിചയപ്പെടാനും പ്രകൃതിദത്തവും പുരാവസ്തു വൈഭവവും കൊണ്ട് സമ്പന്നമായ വ്യത്യസ്തമായ ഒരു ടൂറിസ്റ്റ് അനുഭവം ആസ്വദിക്കാനുമുള്ള അവസരമായിരിക്കും ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്പാർട്ടൻ ഖോർഫക്കൻ 2024 റേസ്, പൊണ്ണത്തടിയിൽ നിന്നും മറ്റ് നിരവധി അസുഖങ്ങളിൽ നിന്നും സ്വയം പരിരക്ഷിക്കുന്നതിന് കൂടുതൽ സജീവവും ആരോഗ്യകരവുമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നതിന് സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നു.
ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരത്തിനൊപ്പം പോകുന്നതിനാൽ മാനസിക പിരിമുറുക്കത്തിൽനിന്ന് മുക്തി നേടാനുള്ള ഫലപ്രദമായ മാർഗമാണ് സ്പോർട്സ് എന്ന് അലയ് ചൂണ്ടിക്കാട്ടി. സ്പാർട്ടൻ ഖോർഫക്കൻ 2024 റേസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വ്യക്തിഗതമായോ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും https://tickets-ae.spartan.com/event എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.