അൽഐൻ: യു.എ.ഇയിലെ വിദ്യാലയങ്ങളിൽ ഇനി അവധിക്കാലം. മധ്യവേനൽ അവധിക്കായി വിദ്യാലയങ്ങൾ വെള്ളിയാഴ്ച അടക്കും. ജൂലൈ രണ്ടു മുതൽ ആഗസ്റ്റ് 28 വരെയാണ് അവധി. ഏഷ്യൻ പാഠ്യപദ്ധതിപ്രകാരമുള്ള സ്കൂളുകൾക്ക് ഒന്നാം പാദത്തിന്‍റെ അവസാനവും യു.എ.ഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള സ്കൂളുകൾക്കും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകൾക്കും അധ്യയന വർഷത്തിന്‍റെ അവസാനവുമാണ് ഇന്ന്. ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ പലതും വാർഷികപ്പരീക്ഷ കഴിഞ്ഞ് നേരേത്തതന്നെ അവധി ആരംഭിച്ചിരുന്നു.
രണ്ടുമാസത്തെ മധ്യവേനൽ അവധിക്കുശേഷം ആഗസ്റ്റ് 29ന് സ്കൂളുകൾ തുറക്കും. യു.എ.ഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള സ്കൂളുകൾക്കും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകൾക്കും പുതിയ അധ്യയന വർഷത്തിന്റെ ആരംഭവും ഏഷ്യൻ പാഠ്യപദ്ധതി പ്രകാരമുള്ള സ്കൂളുകൾക്ക് രണ്ടാം പാദത്തിന്‍റെ ആരംഭവുമാണ് ആഗസ്റ്റ് 29ന്. അവധിക്കാലത്ത് വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് ചെയ്യാനുള്ള നിരവധി പ്രവർത്തനങ്ങളാണ് അധ്യാപകർ നൽകിയത്. അധ്യാപർക്കും ഇതര ജീവനക്കാർക്കും 45 ദിവസത്തെ അവധിയാണ് ലഭിക്കുക. ഇവർ സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് അവധികഴിഞ്ഞ് ജോലിക്കെത്തണം.
സാധാരണ മധ്യവേനൽ അവധിയെത്തിയാൽ കടുത്ത ചൂടിൽനിന്ന് രക്ഷതേടി കുടുംബസമേതം നാട്ടിൽപോയി അടുത്ത ബന്ധുക്കളെ സന്ദർശിക്കാനും കേളത്തിലെ മഴയും കുളിരും ആസ്വദിക്കാനും ആഗ്രഹിക്കുന്നവരാണ് മലയാളി കുടുംബങ്ങൾ ഏറെയും. എന്നാൽ, കോവിഡ് മഹാമാരിയും യാത്രാനിയന്ത്രണങ്ങളും മൂലം കഴിഞ്ഞ രണ്ട് മാധ്യവേനലവധിക്കും നാട്ടിൽ പോകാൻ കഴിയാത്തവരാണ് ഭൂരിപക്ഷം കുടുംബങ്ങളും സ്കൂൾ ജീവനക്കാരും.
കോവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ വന്നതോടെ ഈ അവധിക്കാലത്ത് നാട്ടിൽപോകാൻ തയാറെടുത്തവരാണ് പ്രവാസി കുടുംബങ്ങളിൽ നല്ലൊരു വിഭാഗം. ഇത് മുൻകൂട്ടിക്കണ്ട് ജൂൺ പകുതി മുതൽ വിമാന യാത്രാനിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ്. നാലും അഞ്ചും അംഗങ്ങളുള്ള കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നത്. 2500 ദിർഹം (50,000 രൂപ) മുതലാണ് ടിക്കറ്റ് നിരക്ക്. പ്രവാസികളിൽ വലിയൊരു ശതമാനവും കുറഞ്ഞ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. ഇത്തരം ആളുകൾ രണ്ടുംമൂന്നും മാസങ്ങളിലെ ശമ്പളം വിമാന ടിക്കറ്റിനായി മാറ്റിവെക്കേണ്ട അവസ്ഥയാണ് ഇപ്പോൾ.
അവധിക്കാലത്ത് യാത്രക്കാർ വർധിക്കുന്നതിനാൽ വിമാനത്താവളങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. അതിനാൽ യാത്രക്കാർ നേരേത്തതന്നെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് വിമാനക്കമ്പനികളും അധികൃതരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.