അവധിക്കാലം ആഘോഷിക്കാന്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കുടുംബങ്ങളുടെ  ഒഴുക്ക് 

ദുബൈ: കേരളത്തിൽ  സ്കൂള്‍ അവധിക്കാലം ആരംഭിച്ചതോടെ പ്രവാസി കുടുംബങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ ഒഴുകുന്നു.  മുന്‍കാലങ്ങളില്‍ സ്കൂള്‍ വേനലവധിക്കാലത്ത് ബന്ധു വീടുകളിലേക്കും മറ്റു വിനോദ സ്ഥലങ്ങളിലേക്കും പോയിരുന്നതു പോലെ   ഗള്‍ഫ് നാടുകളിലേക്ക് കുടുംബങ്ങള്‍ കൂട്ടമായി വരുന്ന പ്രവണത അടുത്ത കാലത്തായി വര്‍ധിച്ചു വരികയാണ്. ഒരു മാസം മുതല്‍ മൂന്ന് മാസം വരെയുള്ള സന്ദർശക,ടൂറിസ്​റ്റ്​ വിസകളില്‍  മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.ഇയിലേക്കാണ് കൂടുതൽ കുടുംബങ്ങൾ വരുന്നതെന്നാണ് ട്രാവല്‍സ് ആൻറ്​ ടൂറിസം മേഖലയില്‍ ഉള്ളവര്‍ വ്യക്തമാക്കുന്നത്. ഖത്തര്‍, ഒമാന്‍ രാജ്യങ്ങളാണ് തൊട്ടു പുറകില്‍. ഇന്ത്യയില്‍ കേരളത്തില്‍ നിന്നാണ് ഇത്തരം സന്ദര്‍ശകര്‍ കൂടുതലായുള്ളതെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

മാര്‍ച്ച് അവസാനത്തോടെ കേരളത്തിലെ സ്കൂളുകളെല്ലാം പൂട്ടി. കഴിഞ്ഞ രണ്ടാഴ്ച്ചയായി  കേരളത്തിലെ വിമാനത്താവളങ്ങളിൽ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബ യാത്രക്കാരുടെ തിരക്കാണ്. ആനുപാതികമായി   യു.എ.ഇ യിലെ വിമാനത്താവളങ്ങളിൽ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടി. എണ്ണ വിലയിലെ അസ്ഥിരതയും  മറ്റും ആശങ്കകള്‍ തീര്‍ത്തിരുന്നെങ്കിലും  അവധിക്കാലത്ത് ഗള്‍ഫിലേക്ക് വരുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന്   ട്രാവല്‍സ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി സന്ദര്‍ശക വിസയും ടിക്കറ്റുകളും ഇത്തവണയും  ചെലവായി. ചില സ്​ഥാപനങ്ങൾ ആകർഷകമായ നിരക്കിൽ വിസ നൽകു​േമ്പാൾ  സീസൺ മുൻ നിർത്തി ചില ട്രാവൽസുകൾ വിസാ നിരക്കുകൾ തോന്നിയ പോലെ കൂട്ടുന്നതായി ആക്ഷേപമുണ്ട്.

ഇതിനൊക്കെ പുറമെ ഒന്നോ രണ്ടോ മൂന്നോ മാസത്തെ കുടുംബമൊത്തുള്ള താമസത്തിന് സൗകര്യം ഒരുക്കുന്നതാണ് പ്രവാസിക്ക് വലിയൊരു കീറാമുട്ടി. അനുയോജ്യമായ താമസ സ്ഥലം തേടിയുള്ള നെട്ടോട്ടത്തിലാണ് പലരും.  ആവശ്യക്കാരുണ്ടെന്ന്  കണ്ടറിഞ്ഞു കൊണ്ട് തന്നെ ഫ്ലാറ്റ് വില്‍പനക്കുള്ള ബ്രോക്കര്‍മാര്‍ക്കും ഇടനിലക്കാര്‍ക്കും ചാകരയാണ്.  ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും ഇപ്പോൾ ഇത്തരം താൽകാലിക താമസ കേന്ദ്രങ്ങൾക്ക് തൊട്ടാൽ പൊള്ളുന്ന വാടകയാണ്.  സിംഗ്​ൾ ബെഡ്‌റൂമോ സ്റ്റുഡിയോ ഫ്‌ളാറ്റോ ഫര്‍ണിഷ് ചെയ്​തതാണ് പലരും തെരഞ്ഞെടുക്കുന്നത്. ഫര്‍ണിച്ചറുകളും എ.സിയും ഇല്ലാത്ത ശൂന്യമായ മുറികള്‍ കിട്ടാനുണ്ടെങ്കിലും കുറഞ്ഞ കാലത്തേക്കുള്ള താമസമായതിനാല്‍ ഇവയൊന്നുമില്ലാത്ത മുറികള്‍ക്ക് പലര്‍ക്കും താല്‍പര്യമില്ല.

മാത്രവുമല്ല, ഓഫീസുകളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് തൊട്ടടുത്തായി തന്നെ ഫ്‌ളാറ്റ് ലഭിക്കുകയും വേണം. ഇങ്ങനെ നിരവധി സൗകര്യങ്ങള്‍ നോക്കിയാണ് താമസയിടങ്ങള്‍ക്കായി സാധാരണക്കാരായ പ്രവാസികള്‍ അലയുന്നത്. ഇത് മുതലെടുക്കാന്‍ ഫ്ലാറ്റിന്‍റെ ഡിമാന്‍ഡും മുടക്കേണ്ട തുകയും ചിലര്‍ കൃത്രിമമായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അബൂദബിയിലും ദുബൈയിലും ഷാര്‍ജയിലും  ഷെയറിങ് റൂമുകള്‍ക്ക് വരെ വന്‍തുകയാണ് വാടകയായി ആവശ്യപ്പെടുന്നത്. 2500  ദിര്‍ഹത്തിന് മുകളില്‍ കൊടുത്താല്‍ മാത്രമേ ഷെയറിങ് റൂമുകള്‍ പോലും ലഭിക്കുന്നുള്ളൂ. ഒരു മുറിയും ഹാളും അടങ്ങിയ വക്ക്​ 3000 ദിര്‍ഹം മുതല്‍ മുകളിലേക്കാണ് വാടക. ദുബൈയില്‍ പ്രധാന കേന്ദ്രങ്ങളില്‍ 5000 ദിര്‍ഹം വരെ ഈടാക്കുന്നുണ്ട്. രണ്ടും മൂന്നും മുറികളുള്ള ഫ്‌ളാറ്റുകളിലും ചില വില്ലകളിലും ഫര്‍ണിഷ്ഡ് റൂമുകള്‍ വിസിറ്റിംഗ് ഫാമിലിക്കായി ചിലര്‍ ഒരുക്കി വെക്കാറുണ്ട്. ഇങ്ങനെയുള്ള റൂമുകള്‍ക്ക് ഉയര്‍ന്ന വാടകയും നല്‍കേണ്ടി വരുന്നു .

എന്നാല്‍, ഇത് പല വിസിറ്റിംഗ് ഫാമിലിക്കും സൗകര്യമാകാറുമുണ്ട്.  അതിനിടെ ഫ്ലാറ്റ് വില്‍പനയുടെ നിരവധി പേര്‍ കബളിപ്പിക്കപ്പെടുന്നതായും പരാതി ഉയരുന്നുണ്ട്. റൂം കാണിച്ചു കൊടുത്ത് കീമണിയും വാങ്ങി മുങ്ങിയ സംഭവങ്ങളും നിരവധി.  കുടുംബ സന്ദര്‍ശകരുടെ ഒഴുക്ക് കൂടിയതോടെ കേരളത്തില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കും മൂന്നും നാലും ഇരട്ടിയായി കൂടി. മാര്‍ച്ച് അവസാനം വരെ കേരളത്തില്‍ നിന്ന് പതിനായിരം രൂപക്ക് വരെ ടിക്കറ്റ് ലഭ്യമായിരുന്നത് ഏപ്രില്‍ പിറന്നതോടെ ബജറ്റ് എയര്‍ലൈനുകള്‍ക്ക് പോലും  20000 രൂപക്ക് മുകളിലായി. എമിറേറ്റ്സിന് കുറഞ്ഞ ചാര്‍ജ് 41000 രൂപയാണ്.  ചില വിമാന കമ്പനികള്‍ ടിക്കറ്റ് കിട്ടാനില്ലെന്ന വ്യാജ പ്രചാരണം നടത്തിയും യാത്രക്കാരെ ചൂഷണം ചെയ്യുന്നുണ്ട്.  നാട്ടിലും ട്രാവല്‍സ് കേന്ദ്രങ്ങള്‍ക്ക് ഈ സമയത്ത് നല്ല തിരക്കാണ്.

Tags:    
News Summary - School Vacation - Uae Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.