അബൂദബി: എമിറേറ്റിലെ സ്വകാര്യ സ്കൂളുകള്‍ മൂന്നുവര്‍ഷത്തിലേറെ കാലം പൂട്ടിയിട്ടാല്‍ ലൈസന്‍സ് റദ്ദാകും. സ്വകാര്യ സ്കൂളുകള്‍ക്ക് താല്‍ക്കാലികമായി കുറഞ്ഞത് ഒരുവര്‍ഷം മുതല്‍ പരമാവധി മൂന്നുവര്‍ഷം വരെ അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പില്‍ (അഡെക്)നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങി അടച്ചിടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. അഡെക്കിന്റെ പുതുക്കിയ സ്കൂള്‍ ലൈസന്‍സിങ് പോളിസിയിലാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്ളത്. സ്കൂളുകള്‍ താല്‍ക്കാലികമായി അടിച്ചിടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിക്കണം.
അടച്ചിടുന്നതിനുള്ള കാരണം, സ്കൂള്‍ അടച്ചുപൂട്ടുന്ന തീയതി (ഇതു നിര്‍ബന്ധമായും അക്കാദമിക് വര്‍ഷത്തിന്റെ അവസാനമാവണം), സ്കൂളില്‍ നിലവിലുള്ള വിദ്യാര്‍ഥികളെ മറ്റു സ്കൂളുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ എന്നിവ അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം. അതോടൊപ്പം അക്കാദമിക് വര്‍ഷം അവസാനിക്കുന്നതിന്റെ ആറുമാസം മുമ്പായി അപേക്ഷ സമര്‍പ്പിച്ചിരിക്കണം എന്ന നിബന്ധനയുമുണ്ട്.
സ്കൂള്‍ അടച്ചുപൂട്ടുന്നതിന് അഡെക് അനുമതി നല്കിയാല് സ്കൂള്‍ ഇക്കാര്യം ജീവനക്കാരെയും മാതാപിതാക്കളെയും അടക്കമുള്ളവരെ അറിയിക്കേണ്ടതുണ്ട്. താല്‍ക്കാലിക അടച്ചിടലിന്റെ പരമാവധി കാലാവധിയായ മൂന്നുവര്‍ഷക്കാലവും പിന്നിട്ടാല്‍ സ്കൂളിന്റെ ലൈസന്‍സ് സ്വാഭാവികമായി റദ്ദാവും. തുടര്‍ന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയ ലൈസന്‍സിന് അപേക്ഷിക്കേണ്ടതുണ്ട്. സ്ഥിരമായി അടച്ചിടാനാണ് സ്കൂളുകള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കാന്സലേഷന് അപേക്ഷയാണ് സമര്‍പ്പിക്കേണ്ടതെന്നും അഡെക് അധികൃതര്‍ അറിയിച്ചു.
1. ജീവനക്കാര്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍, മറ്റു കക്ഷികള്‍ എന്നിവരുമായുള്ള നിയമപരവും കരാര്പ്രകാരവുമുള്ള ബാധ്യതകള്‍ പൂര്‍ത്തിയാക്കിയിരിക്കണം.
2. നിയമപരവും സാമ്പത്തികവുമായി അനിവാര്യമായ ക്ലിയറന്‍സുകള്‍ നേടിയിരിക്കണം.
3. കരാര്പ്രകാരവും മാനുഷികവിഭവ, സ്വദേശിവത്കരണ വകുപ്പ് നിയമപ്രകാരവും എല്ലാ ജീവനക്കാരുടെയും ശമ്പളം മുഴുവനായി കൊടുത്തിരിക്കണം.
4. ഫീസ് കൂടുതലായി കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അവ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കണം.
5. ഇലക്ട്രോണിക് സ്റ്റുഡന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മുഖേനയുള്ള വിദ്യാര്‍ഥികളുടെ ട്രാന്‍സ്ഫറിന് എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടെങ്കില്‍ അവ നീക്കണം.
6. സ്കൂള്‍ അടച്ചുപൂട്ടുന്ന തീയതിക്ക് 20 പ്രവൃത്തി ദിവസം മുമ്പെങ്കിലും പ്രൈവറ്റ് സ്കൂള്‍സ് സ്റ്റാഫ് സിസ്റ്റം (പാസ്) മുഖേന ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണം.
7. അടച്ചുപൂട്ടല്‍ തീയതിയുടെ 20 പ്രവൃത്തി ദിവസത്തിനുള്ളില്‍ എല്ലാ വിദ്യാര്‍ഥികളുടെയും രേഖകള്‍ അഡെക്കിന് കൈമാറണം.
8. മാതാപിതാക്കള്‍ക്ക് മക്കളുടെ അക്കാദമിക് റിപ്പോര്‍ട്ടുകളും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.