ദുബൈയിലെ ഡെലിവറി റൈഡർമാർ
ദുബൈ: മികച്ച സേവനം നൽകുന്ന ഡെലിവറി കമ്പനികളെയും റൈഡർമാരെയും ആദരിക്കുന്നതിനായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യും ദുബൈ പൊലീസും ചേർന്ന് ഡെലിവറി സർവിസ് എക്സലൻസ് അവാർഡ് സമ്മാനിക്കുന്നു. കഴിഞ്ഞ വർഷം ഇതിന്റെ ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി രണ്ടാംഘട്ട വിജയികളെ തിരഞ്ഞെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
മേയ് 31വരെ അവാർഡിന് അപേക്ഷകൾ സമർപ്പിക്കാം. ഡെലിവറി സേവനം നൽകുന്ന കമ്പനികൾക്കിടയിൽ ഗുണനിലവാരം വർധിപ്പിക്കുന്നതിൽ മത്സരം രൂപപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. മികച്ച കമ്പനി, മികച്ച ഡ്രൈവർമാർ, മികച്ച പങ്കാളികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. മികച്ച സേവനം നൽകുന്ന മൂന്ന് കമ്പനികൾ, മികച്ച സ്മാർട്ട് പ്ലാറ്റ്ഫോമും ആപ്ലിക്കേഷനുമുള്ള മൂന്ന് കമ്പനികൾ, മികച്ച പങ്കാളികൾ എന്നിങ്ങനെ അവാർഡിന് പരിഗണിക്കും.
അതോടൊപ്പമാണ് 200 റൈഡർമാരെയും ആദരിക്കുക. അവാർഡിന്റെ ആദ്യ എഡിഷന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും കമ്പനികളിൽനിന്നും റൈഡർമാരിൽനിന്നും വളരെ വലിയ അപേക്ഷകളാണ് ലഭിച്ചിരുന്നതെന്നും ആർ.ടി.എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹ്മദ് മെഹ്ബൂബ് പറഞ്ഞു. ‘സുരക്ഷിത നഗരം’ രൂപപ്പെടുത്തുന്നതിനും റോഡ് അപകടങ്ങൾ കുറക്കുന്നതിനുമുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്ന ദുബൈയുടെ നയമനുസരിച്ചാണ് അവാർഡ് രൂപപ്പെടുത്തിയത്.
ഡെലിവറി സേവന മേഖലയിൽ നല്ല തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനൊപ്പം പ്രഫഷനലിസത്തിന്റെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കാൻ പങ്കാളികളെ പ്രേരിപ്പിക്കുന്നതുമാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനികളോടും സ്ഥാപനങ്ങളോടും അവരുടെ സംരംഭത്തെയോ ഡെലിവറി ഡ്രൈവർമാരെയോ നാമനിർദേശം ചെയ്തുകൊണ്ട് അവാർഡിൽ സജീവമായി പങ്കെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷ ശക്തിപ്പെടുത്താനും സേവന നിലവാരം മെച്ചപ്പെടുത്താനും അവാർഡുകളും പദ്ധതികളും സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ദുബൈ പൊലീസ് ട്രാഫിക് വകുപ്പ് ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. പദ്ധതിയിൽ സജീവമായി പങ്കെടുക്കാൻ അദ്ദേഹം ഡെലിവറി കമ്പനികളോട് ആവശ്യപ്പെട്ടു.
സേവനത്തിന്റെ ഗുണനിലവാരം, ആരോഗ്യ-സുരക്ഷ-പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കൽ, ആർ.ടി.എ നിയന്ത്രണങ്ങൾ പാലിക്കൽ, നൂതന സാങ്കേതികവിദ്യകളുടെ സംയോജനം, ഡ്രൈവർമാരുടെ തുടർച്ചയായ പരിശീലനവും കഴിവുകൾ വർധിപ്പിക്കലും, ഉപഭോക്തൃ സംതൃപ്തി എന്നിവയാണ് മികച്ച ഡെലിവറി കമ്പനിയെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ. മികച്ച ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നതിന് മൊത്തത്തിലുള്ള പ്രകടനം വിലയിരുത്തുന്നതിനൊപ്പം പരാതികളും നിയമലംഘനങ്ങളും അപകടങ്ങളും ഇല്ലാത്ത സേവനകാലവുമാണ് പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.