ദുബൈ: നഗരത്തിലെ അൽ ബർഷ സൗത്ത് 1ലെ സ്ട്രീറ്റ് 34ൽ വിവിധ റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). സമൂഹത്തിലെ അംഗങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് പ്രവൃത്തികൾ നടപ്പിലാക്കിയത്. റോഡ് ശൃംഖല വികസിപ്പിക്കുക, പ്രധാന റോഡുകളിലും ഇടറോഡുകളിലും ട്രാഫിക് സുരക്ഷ വർധിപ്പിക്കുക, താമസ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി പൂർത്തിയാക്കിയത്.
സ്ട്രീറ്റ് 34ലെ നാലുവീതം പ്രവേശന, പുറത്തുകടക്കൽ സ്ഥലങ്ങൾ വികസിപ്പിച്ചതടക്കം നിർമാണങ്ങളാണ് പൂർത്തിയാക്കിയത്. ഇത് മേഖലയിലെ ഗതാഗതം അഞ്ചു മിനിറ്റിൽ നിന്ന് ഒരു മിനിറ്റിലേക്ക് കുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാൽനടക്കാർക്ക് റോഡിന് സമീപത്തായി പാതകളും പദ്ധതിയിൽ വികസിപ്പിച്ചിട്ടുണ്ട്.
അതോടൊപ്പം പുതിയ 158 പാർക്കിങ് സ്ഥലങ്ങളും നിർമിച്ചിട്ടുണ്ട്. പ്രദേശത്തെ താമസക്കാർക്ക് ഇത് ഏറെ ഉപകാരപ്പെടും. റോഡിന് സമീപത്തെ തിരക്ക് കുറക്കാനും വാഹന ഗതാഗതം സുഗമമാക്കാനും പാർക്കിങ് സ്ഥലങ്ങൾ കൂടുതലായി നിർമിച്ചത് സഹായിക്കും. സ്ട്രീറ്റ് 34ന്റെയും അൽ ഹദായിഖ് സ്ട്രീറ്റിന്റെയും ജങ്ഷനിൽ പുതിയ ‘യു’ ടേണും നവീകരണത്തിന്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്. ഇത് ഗതാഗതം സൗകര്യപ്രദമാക്കുകയും യാത്രാസമയം കുറക്കുകയും ചെയ്യും.
ദുബൈയിൽ ഉടനീളം, പ്രത്യേകിച്ച് താമസകേന്ദ്രങ്ങളിൽ ഏറ്റവും മികച്ചതും കൂടുതൽ സുരക്ഷിതവുമായ ഗതാഗത സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള വിപുലമായ പരിശ്രമങ്ങളുടെ ഭാഗമായാണ് അൽ ബർഷ സൗത്തിലെ നവീകരണങ്ങളെന്ന് ആർ.ടി.എയിലെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. സുസ്ഥിരമായ നഗരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങൾ രൂപപ്പെടുത്തി ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസരിച്ചാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.