ദുബൈ: സ്കൂളുകളിലെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതുക്കിയ നിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും പരിപാടികളും പുനരാരംഭിക്കാൻ പുതിയ പ്രോട്ടോക്കോൾ അനുവാദം നൽകുന്നുണ്ട്. രക്ഷിതാക്കൾക്ക് പരിപാടികളിൽ പങ്കെടുക്കാനും അനുവാദമുണ്ട്. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ അടക്കമുള്ള നിബന്ധനകൾ പാലിക്കണം.
സ്കൂളുകളിൽ പഠനയാത്രകൾ സംഘടിപ്പിക്കുന്നതിനും പൂർണമായ അനുമതിയായിട്ടുണ്ട്. സ്കൂൾ ബസുകളിലായിരിക്കുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദേശം പാലിക്കണം. വാക്സിനെടുത്തവർക്കും എടുക്കാത്തവർക്കും പഠനയാത്രകളിൽ പങ്കെടുക്കാം. പുതുക്കിയ പ്രോട്ടോക്കോൾ പ്രകാരം എല്ലാ യൂനിവേഴ്സിറ്റി വിദ്യാർഥികളും മാസത്തിലൊരിക്കൽ പി.സി.ആർ ടെസ്റ്റ് നടത്തുകയോ ഗ്രീൻ പാസ് ഉണ്ടായിരിക്കുകയോ വേണം. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതത് എമിറേറ്റിലെ നിയമം പാലിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. പുതിയ പ്രോട്ടോക്കോൾ പ്രകാരം കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തുന്നവർക്ക് ഇനിമുതൽ ക്വാറന്റീൻ ആവശ്യമില്ല. രോഗബാധിതർക്കും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും ഓൺലൈൻ വിദ്യാഭ്യാസത്തിന് അനുവാദമുണ്ട്. വ്യാഴാഴ്ച മുതൽ പ്രോട്ടോകോൾ നിലവിൽവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.