ദുബൈയിൽ സംഘടിപ്പിച്ച ഹാരിസ് കോസ്മോസ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്തവർ
ദുബൈ: കഴിഞ്ഞ പെരുന്നാൾ ദിവസം നാട്ടിൽ നിര്യാതനായ യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ ഹാരിസ് കോസ്‌മോസിന്‍റെ വേർപാടിൽ അനുശോചിച്ചും, അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ അനുസ്മരിച്ചും പ്രവാസി സംഘടനകൾ യോഗം ചേർന്നു. മലബാർ ഡെവലപ്മെന്‍റ് ഫോറവും, ചൈൽഡ് പ്രൊട്ടക്ട് ടീമും സംയുക്തമായാണ് ദുബൈ അബു ഹൈലിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
നാട്ടിൽ അവധിക്കുപോയി ചികിത്സ നടത്തിക്കൊണ്ടിരിക്കെ, ആകസ്മികമായാണ് രോഗം മൂർച്ഛിച്ച് ഹാരിസ് കോസ്‌മോസിന്‍റെ വിയോഗമുണ്ടായത്. യു.എ.ഇയിലും, നാട്ടിലുമായി കോസ്മോസ് ഇലക്ട്രിക്കൽ കമ്പനി നടത്തിവരികയായിരുന്ന ഹാരിസ്, യു.എ.ഇയിലെയും നാട്ടിലെയും മിക്ക ജീവകാരുണ്യ-സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മലബാർ ഡെവലപ്മെന്‍റ് ഫോറം യു.എ.ഇ കമ്മിറ്റി പ്രസിഡന്‍റായിരുന്നു. മലബാർ വികസനവുമായി, വിശേഷിച്ച് കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളിയായിരുന്നു.
കോഴിക്കോട് കൊയിലാണ്ടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള ‘നെസ്റ്റ്’ ദുബായ് ചാപ്റ്ററിന്‍റെ ദീർഘകാല ഭാരവാഹിയായിരുന്നു. ചൈൽഡ് പ്രൊട്ടക്ട് ടീം യു.എ.ഇ കമ്മിറ്റിയുടെ രക്ഷാധികാരിയുമായിരുന്നു. കലാരംഗത്തും സഹൃദയനായിരുന്നു ഹാരിസ്. മലബാർ പ്രവാസിയുടെ ആഭിമുഖ്യത്തിൽ ദുബൈയിൽ സംഘടിപ്പിച്ച ബാബുരാജ് , മാമുക്കോയ അനുസ്മരണ പരിപാടികളുടെ മുഖ്യ സംഘാടകനും ഇദ്ദേഹമായിരുന്നു. കൊയിലാണ്ടി എൻ.ആർ.ഐ ഫോറം ദുബായിൽ സംഘടിപ്പിച്ച ‘കൊയിലാണ്ടി മഹോത്സവത്തിൽ’ കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ നൂറാം വയസിൽ ദുബൈയിലെത്തിച്ച് കഥകളി മുദ്രകളൊരുക്കാൻ കളമൊരുക്കിയതും ഇദ്ദേഹം തന്നെ. കൊയിലാണ്ടി കൂട്ടത്തിന്‍റെ ആഭിമുഖ്യത്തിൽ, ഷഹബാസ് അമന്‍റെ സംഗീത പരിപാടി സംഘടിപ്പിച്ചതും ഹാരിസിന്‍റെ നേതൃത്വത്തിലായിരുന്നു. സാമൂഹിക പ്രസക്തമായ ചില ടെലിഫിലിമുകളിൽ അഭിനയിക്കുകയും ചെയ്തു.
ദുബൈയിൽ നടന്ന അനുസ്മരണയോഗത്തിൽ അഡ്വ. മുഹമ്മദ് സാജിദ് അനുസ്മരണ പ്രഭാഷണം നടത്തി. ഷിജി അന്ന ജോർജ് അധ്യക്ഷത വഹിച്ചു. സുജിത് ചന്ദ്രൻ, ബി.എ. നാസർ, മഹമൂദ് പറക്കാട്, കെ.പി. ഭാസ്കരൻ, ബിജു, ഷംസീർ പാറക്കടവ്, ഇഖ്ബാൽ ചെക്യാട്, രമൽ നാരായൺ, സഹൽ പുറക്കാട്, സത്യൻ പള്ളിക്കര, നിഷാജ് ഷാഹുൽ, സിറാജ്, ജ്യോതിഷ് കുമാർ, ബിജു, നാസർ, സൈദ, ശരണ്യ, സുജാത സത്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.