ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്: ജനറൽ മുഹമ്മദ് അൽ മർറിയും ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ജനറൽ ഉമർ ഹമദ് ബു ഷെഹാബും ധാരണ പത്രത്തിൽ ഒപ്പുവെക്കുന്നു
ദുബൈ: ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ), ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്‍റും (ഡി.എൽ.ഡി) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഇരു വകുപ്പുകളും കൈകോർക്കുന്നത്. കരാർ പ്രകാരം ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്‍റ് നൽകിയിരുന്ന സുപ്രധാനമായ മൂന്ന് റിയൽ എസ്റ്റേറ്റ് റെസിഡൻസി സേവനങ്ങൾ ഇനിമുതൽ നേരിട്ട് ജി.ഡി.ആർ.എഫ്.എയുടെ സംവിധാനത്തിലേക്ക് മാറ്റും. ഗോൾഡൻ റെസിഡൻസി, റിട്ടയർമെന്‍റ് റെസിഡൻസി, പ്രോപ്പർട്ടി റെസിഡൻസി എന്നീ സേവനങ്ങളാണ് ഇത്തരത്തിൽ മാറ്റുക.
നിയമം പ്രാബല്യമാകുന്നതോടെ, വ്യത്യസ്ത ഓഫീസുകളോ പ്ലാറ്റ്‌ഫോമുകളോ കയറിയിറങ്ങേണ്ടി വരില്ല. എല്ലാ സേവനങ്ങളും ഒരു പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. വകുപ്പുകൾ തമ്മിലുള്ള ഡാറ്റാ കൈമാറ്റം എളുപ്പമാകുന്നതോടെ വിസ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാകുകയും സുതാര്യമാകുകയും. ജി.ഡി.ആർ.എഫ്.എ മേധാവി ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയും ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ജനറൽ ഉമർ ഹമദ് ബു ഷെഹാബുമാണ് ഇത് സംബന്ധിച്ചുള്ള സുപ്രധാന കരാറിൽ ഒപ്പുവെച്ചത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകാനും അവരുടെ ജീവിതനിലവാരം ഉയർത്താനുമുള്ള ദുബൈയുടെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് ലഫ്റ്റനന്‍റ് ജനറൽ അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.