ഡോ. വിനി ദേവയാനി

മൊഞ്ചുള്ള മഞ്ചേരിയിലെ റമദാൻ പരിമളങ്ങൾ

ഗൃഹാതുര സ്മരണകളാണ് പ്രവാസികൾക്ക് ഓരോ ആഘോഷങ്ങളും. ഓണം, വിഷു, ക്രിസ്മസ്, പെരുന്നാൾ നാളുകളിൽ എല്ലാം നാട്ടുനന്മയുടെ ഓർമകളിലേക്ക് ഒഴുകിപ്പോകും. നാട്ടിൽ നിന്നകന്നു നിൽക്കുന്ന ഓരോ മനുഷ്യ​െൻറയും മനസ്സ്. മറ്റൊന്നിനും പകരം തരാനാകാത്ത നാടി​െൻറ നന്മകൾ ഹൃദ്യവും മനോഹരവുമാണ്. അതിൽ ആത്മീയാനന്ദത്തി​െൻറ ആഹ്ലാദാരവമുയർത്തുന്ന പുണ്യമാസമായ റമദാൻെറ വരവിന് ചന്തവും ചേലും ഒന്ന് വേറെ തന്നെയാണ്. പെരുന്നാൾപിറ കണ്ട ദിനത്തിൽ കൂട്ടുകാർ ഒത്തുചേർന്ന് പള്ളികളിലും മൈതാനങ്ങളിലും കൂടിച്ചേർന്ന് തക്ബീർ ധ്വനികളാൽ മുഖരിതമാകുന്ന അന്തരീക്ഷം ദിവ്യാനുഭൂതിയിലേക്കാണ് ഓരോരുത്തരെയും കൊണ്ടു ചെന്നെത്തിക്കുക. നിലാവെളിച്ചത്തിൽ ഉച്ചത്തിലും താളത്തിലും ചൊല്ലുന്ന തക്ബീർ ധ്വനികളിൽ മഹത്തായ ആശയങ്ങളുടെ പ്രപഞ്ചമുൾക്കൊള്ളുന്നു എന്നും ഏതൊരാളെയും മാറ്റിമറിക്കാനുള്ള ശക്തിയും സ്വാധീനവും ആ വാക്കുകൾക്കുണ്ടെന്നും എന്തൊക്കെയോ ബാധ്യതകൾ ഓരോ മനുഷ്യനും ചെയ്തു തീർക്കേണ്ടതുണ്ടെന്നും ബോധ്യപ്പെടുത്തുന്നതാണ്.

എ​െൻറ നാട് മൊഞ്ചുള്ള മഞ്ചേരിയായതിനാലും വിദ്യാഭ്യാസം എച്ച്.എം.വൈ.എച്ച്.എസിൽ ആയതിനാലും നോമ്പി​െൻറ പ്രാധാന്യവും അതി​െൻറ മഹത്ത്വവും സൗഹൃദങ്ങളിലൂടെയും അയൽക്കാരിലൂടെയും ഏറെ മനസ്സിലാക്കാനായി. കൂട്ടുകാരോടൊപ്പം നോമ്പെടുക്കൽ ഒരു അനുഭവമായിരുന്നു. വെള്ളക്കുപ്പായവും വെള്ളത്തൊപ്പിയും വെള്ളമുണ്ടും ധരിച്ച് അത്തറുപൂശി പള്ളിയിലേക്കു പോകുന്നവർ. അമ്മിക്കല്ലിൽ മൈലാഞ്ചിയില അരച്ച് കിസ്സപ്പാട്ടു പാടുന്ന കൂട്ടുകാരികൾ. മൈലാഞ്ചി ട്യൂബ്​ കിട്ടാത്ത അന്നെല്ലാം നല്ല ഡിസൈൻ കിട്ടാൻ ഉണങ്ങിയ ചക്കവിളഞ്ഞിയുടെ റോൾ ചെറുതീയിൽ ചൂടാക്കി ഉള്ളം കൈയിൽ വീഴ്ത്തി ചെറിയ പൂക്കൾ വരക്കും. ഏറ്റവുമധികം ചുവക്കുന്ന കൈകാലുകൾ ആരുടേത് എന്ന മത്സരമായി പിന്നീട്. രാത്രിയുറക്കത്തിലും മൈലാഞ്ചിക്കൈയനക്കാതെ ശ്രദ്ധയോടെ ഉറങ്ങിയ നാളുകൾ.

വൈകുന്നേരങ്ങളിൽ അടുക്കളകളിൽനിന്ന്​ പലഹാര പരിമളങ്ങൾ ഉയരുകയായി. മാംസളമായ ഈത്തപ്പഴത്തിനേക്കാൾ രുചി നോമ്പുതുറക്കുമ്പോൾ കഴിക്കുന്ന കാരക്കക്കാണെന്ന് തോന്നിയിരുന്നു. നോമ്പുതുറക്കുന്ന നേരം അതുവരെ നിശ്ശബ്​ദമായിരുന്ന അന്തരീക്ഷത്തിൽ അടുപ്പുകളിൽനിന്നുള്ള പുക ഉയരുകയായി. പലഹാരപ്പണികൾ തുടങ്ങുകയായി. അധികം വിഭവസമൃദ്ധമല്ലെങ്കിലും ദിവസവും വ്യത്യസ്ത പലഹാരങ്ങൾ എന്നതാണ് അയൽ വീടുകളിലെ പതിവ്. നാം കഴിക്കുന്ന ഭക്ഷണത്തി​െൻറ രുചിയറിവുകൾ ഏറെ ശ്രദ്ധിക്കുന്ന ദിനങ്ങൾ കൂടിയാണ് ഓരോ നോമ്പുതുറയും. 27ാം രാവ് ഒരു മധുരരാവു തന്നെയാണ്.

സൽക്കാരത്തിനായി അതിഥികൾ വീട്ടിലെത്തുമ്പോഴേക്കുമുള്ള പലഹാരങ്ങളിൽ എക്കാലത്തെയും സ്​റ്റാറുകളാണ് ചട്ടിപ്പത്തിരി, ഇടിയട, കാരോലപ്പം, വട്ടട, നെയ്യപ്പം, മുട്ട സുർക്ക, മുട്ടമാല, എണ്ണപ്പത്തിരി, അരീരം, പഴംപൊരി, പഴം നിറച്ചത്, അരിപ്പത്തിരി, മുട്ടപ്പത്തിരി എന്നിവ. പലഹാരങ്ങൾ ഉണ്ടാക്കി കൂട്ടുകാർക്ക് വിതരണം ചെയ്യുന്നത് കുട്ടികൾക്ക് ഹരമായിരുന്നു. സകാത്തുമായി പോകുന്നവരുടെ സന്തോഷം നിറഞ്ഞ മുഖങ്ങളും ത്യാഗത്തി​െൻറയും സമാധാനത്തി​െൻറയും പ്രാർഥനകളും ആകണം ഓരോ ആഘോഷങ്ങളും എന്ന ഓർമപ്പെടുത്തലിലേക്ക് പെരുന്നാൾ ആഘോഷം നമ്മെ നയിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.