അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റി ഷാബിയ എം.ഇ 12ല്‍ ശക്തമായ മഴയില്‍ ഉണ്ടായ വെള്ളക്കെട്ട്
ദുബൈ: അസ്ഥിര കാലാവസ്ഥയെ തുടർന്ന് രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും മഴയും ലഭിച്ചു. ഞായറാഴ്ച അർധ രാത്രിയോടെ എത്തിയ മഴ തിങ്കളാഴ്ച വൈകിട്ട് വരെ ശക്തമായി തുടരുകയാണ്. വടക്കൻ എമിറേറ്റുകളിലാണ് കൂടുതൽ മഴ ലഭിച്ചത്. തുടർച്ചയായി പെയ്ത മഴയിൽ വിവിധ എമിറേറ്റുകളിലെ താഴ്ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും വെള്ളം കയറി. ചിലയിടങ്ങളിൽ കാറ്റിൽ മരങ്ങൾ കടപുഴകി വീണു.
കച്ചകളിലും മറ്റും നിർത്തിയിട്ട വാഹനങ്ങൾ വെള്ളത്തിനടിയിലായി. മഴക്ക് പിന്നാലെ പല മേഖലകളിലും താപനില കുറഞ്ഞു. കാര്യമായ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപോർട്ട് ചെയ്തിട്ടില്ല. ആർക്കും പരിക്കേറ്റതായും വിവരങ്ങളില്ല. ന്യൂനമർദം രൂപപ്പെട്ടതിനാൽ ഈ മാസം 27 വരെ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. അബൂദബിയിലെ അൽഐനിൽ ചാറ്റൽ മഴയോടൊപ്പം ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായി. മഴ തുടരുന്ന സാഹചര്യത്തിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. സ്ഥിരീകരിച്ച വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
ദുബൈയിൽ വാഹനങ്ങൾ വേഗം കുറക്കാൻ ആവശ്യപ്പെട്ട് ആർ.ടി.എ പ്രദർശിപ്പിച്ച മൂന്നറിയിപ്പ് , അജ്മാനിലെ മഴക്കാഴ്ച
ശക്തമായ മഴയുടെ സാഹചര്യത്തിൽ അൽ അസ്വർ സ്ട്രീറ്റ് (സുഹൈല) അൽ ദൈദ് താൽകാലികമായി അടച്ചതായി ഷാർജ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. കനത്ത മഴയും സുഹൈല വാദികളുടെ ഒഴുക്കും കണക്കിലെടുത്താണ് നടപടി. റാസൽഖൈമയിൽ നിന്ന് അൽ മനാമയിലേക്കും അൽ ദൈദ് സിറ്റിയിൽ നിന്ന് മസാഫിയിലേക്കും വരുന്നവർ ശ്രദ്ധിക്കണം. യാത്രക്കാർക്ക് ബദൽ റോഡുകൾ ഉപയോഗിക്കാം. മഴയുടെ സാഹചര്യത്തിൽ തിങ്കളാഴ്ച പാർക്കിങ് ഫീസുകൾ ഷാർജ മുനിസിപ്പാലിറ്റി ഒഴിവാക്കി. നീല സൂചന ബോർഡുകൾ ഉള്ള പാർക്കിങ് മേഖലകളും ഫീസ് ഒഴിവാക്കിയതിൽ ഉൾപ്പെടും. അത്യാവശ്യ ഘട്ടങ്ങളിൽ ഒഴികെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ഷാർജ പൊലീസ് അറിയിച്ചു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഷാർജ വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.
അൽ ഐനിൽ പാർക്കുകളും വിനോദ കേന്ദ്രങ്ങളും പ്ലേഗ്രൗണ്ടുകളും താൽകാലികമായി അടച്ചതായി അൽഐൻ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. ചെറു അപകടങ്ങൾക്ക് പൊലീസ് പട്രോൾ സംഘത്തെ കാത്തിരിക്കേണ്ടതില്ലെന്നും തൊട്ടടുത്തുള്ള പെട്രോൾ സ്റ്റേഷൻ സന്ദർശിച്ച് പരിശീലനം നേടിയ ജീവനക്കാരുടെ സഹായം തേടാമെന്ന് ദുബൈ പൊലീസ് അറിയിച്ചു. അഡ്നോക്ക്, ഇനോക്, ഇമാറാത്ത് പമ്പുകളിലാണ് ഇതിനുള്ള സൗകര്യം. ദുബൈയിൽ ഡെലിവറി സേവനങ്ങളെ മഴ ബാധിച്ചില്ല.
നിലവിലെ സാഹചര്യത്തിൽ സുരക്ഷക്ക് മുൻഗണന നൽകണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അതോറിറ്റികളുമായി ബന്ധപ്പെടുണമെന്നും അജ്മാൻ മീഡിയ ഓഫിസ് അഭ്യർഥിച്ചു. പൊലീസ് (എമർജൻസി) 999, നോൺ എമർജൻസി അന്വേഷണങ്ങൾക്ക് 901, ഇലക്ട്രിസിറ്റി ഏജൻസീസ് 991, വാട്ടർ ഏജൻസീസ് 992, അജ്മാൻ കോൺടാക് സെന്‍റർ 80070 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. അജ്മാനിൽ പെരുന്നാൾ അവധിക്ക് ശേഷം ആദ്യ പ്രവൃത്തി ദിനത്തിൽ ജോലിക്കിറങ്ങിയ പലരും റോഡിലെ വെള്ളം മൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. ചിലയിടങ്ങളിലെ വെള്ളക്കെട്ടുകളിൽ വാഹനങ്ങൾ കേടായത് മൂലവും ഗതാഗതത്തിന് വലിയ തടസ്സങ്ങൾ നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.